പൗരത്വ വിഷയം: സംഘ്പരിവാര്‍ അജണ്ട വ്യാമോഹമെന്ന് ഹൈദരലി തങ്ങള്‍
കൊല്ലം (കെ.ടി മാനു മുസ്‌ലിയാര്‍ നഗര്‍): ദേശീയ പൗരത്വ പട്ടിക തയാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ ഈ രാജ്യത്ത് നിന്നും പുറത്താക്കാമെന്ന സംഘ്പരിപാര്‍ അജണ്ട തീര്‍ത്തും വ്യാമോഹമാണെന്നും എല്ലാ മതക്കാരും ഒരുപോലെ പരസ്പര സൗഹാര്‍ദത്തിലും ഐക്യത്തിലും ജീവിച്ച് പോന്ന പാരമ്പര്യമാണ് ഇവിടെയുള്ളതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര, ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തീര്‍ത്തും ഭയാനകമാണ്. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കി രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മഹിതമായ ഇന്ത്യാ രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണെന്നും ഇത്തരത്തിലുള്ള വിവേചനപരമായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി ഇവിടെ നിലനിന്ന ആദര്‍ശ വിശുദ്ധിക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും പാരമ്പര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത അവസരത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. മദ്‌റസാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തോടെ സമസ്ത ഒരു പ്രാസ്ഥാനിക മുന്നേറ്റമായി മാറി. മുഅല്ലിംകളുടെ സംഘശക്തിയായ ജംഇയ്യത്തൂല്‍ മുഅല്ലിമീന്റെ രൂപീകരണത്തോടെയാണ് ചിതറിക്കിടന്നിരുന്ന ഇസ്‌ലാമിക വിദ്യഭ്യാസ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടുറപ്പും ഭദ്രതയും നല്‍കാന്‍ സാധിച്ചത്. ഇന്ന് അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പതിനായിരത്തോളം മദ്‌റസകളും ലക്ഷക്കണക്കിന് അധ്യാപകരും വിദ്യാര്‍ഥികളും സമസ്തക്കുണ്ടെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു നാടുകളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്ന ചാലക ശക്തി ഇവിടുത്തെ ഉലമാ-ഉമറാ ബന്ധമാണ്. മുന്‍ഗാമികള്‍ സഞ്ചരിച്ച വഴിയിലൂടെ നീങ്ങിയാലെ നമുക്കും അവര്‍ ഉദ്ദേശിച്ച മാര്‍ഗത്തില്‍ എത്താന്‍ സാധിക്കൂ എന്ന കാര്യം ഈ സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെ മനസിലേക്കണ്ടതുണ്ട്. പ്രബോധന മേഖലയില്‍ നമുക്ക് വളരെയേറെ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടിവരും. ഇതെല്ലാം നേരിട്ട് വിദ്യാഭ്യാസവും സംസ്‌കാര ബോധവും അച്ചടക്കവും ഒത്തൊരുമയും അനുസരണയുമുള്ള ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."