സാമുദായിക സൗഹാര്‍ദം സംരക്ഷിക്കാന്‍ സമസ്ത മുന്നില്‍ നില്‍ക്കും: ജിഫ്‌രി തങ്ങള്‍
കൊല്ലം (കെ.ടി മാനു മുസ്‌ലിയാര്‍ നഗര്‍): രാജ്യത്തെ സാമുദായിക സൗഹാര്‍ദം സംരക്ഷിക്കുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നും മുന്നിലുണ്ടാകുമെന്നും ഭരണഘടനയുടെ പതിനാല്, പതിനഞ്ച് വകുപ്പുകള്‍ക്കെതിരാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൗരത്വ നിയമമെന്നും സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇത് മതേതരത്വം ഇല്ലായ്മ ചെയ്യുകയും മതധ്രുവീകരണത്തിനിടയാക്കുകയും ചെയ്യും. ഒരു പ്രത്യേക മത വിഭാഗത്തെ ഉന്‍മൂലനം ചെയ്യാനുള്ള ഗൂഢാലോചനയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ടവര്‍ പതിന്‍മടങ്ങോടെ തിരിച്ചുവരുമെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തിന്റെ പൈതൃകമില്ലാതാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തിന്റെ പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഇന്ത്യയുടെ പൈതൃകത്തെ സംരക്ഷിക്കുന്നതിനായി മത, രാഷ്ട്രീയ സംഘടനകളുമായി ചേര്‍ന്ന് പ്രശ്‌നത്തിന്റെ ഗൗരവം ഭരണകര്‍ത്താക്കള്‍ക്കു ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. മതേതരത്വത്തിന് ഹാനികരമായ ഒരു വാക്കോ പ്രവൃത്തിയോ സമസ്തയുടെ ഭാഗത്തു നിന്നുണ്ടാവില്ല.
രാജ്യത്തിന്റെ നന്മക്കു വിഘാതമാകുന്ന ഒന്നും നമ്മുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇതു ദൗര്‍ബല്യമല്ല. പൗരത്വ വിഷയത്തില്‍ ഏറ്റവും വലിയ പ്രതിഷേധത്തിന് സമസ്ത നേതൃത്വം നല്‍കിയിട്ടുണ്ട്. അതേ സമയം പ്രകടനങ്ങള്‍ക്കോ ഹര്‍ത്താലുകള്‍ക്കോ സമസ്ത ആഹ്വാനം ചെയ്യാത്തത് നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. പ്രതിഷേധ സമരങ്ങളുടെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരിക്കാം. പൗരത്വ വിഷയത്തില്‍ സ്വന്തമായും യോജിച്ചും സമരം നടത്തുന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഇതിന്റെ പേരില്‍ സമസ്ത ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ നിലപാടിനെതിരാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശരിയല്ല. ചാനലുകളില്‍ ചിലര്‍ സ്വതന്ത്രമായി നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ സമസ്തയുടെ നിലപാടെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."