ഭൂമാഫിയ സംഘത്തിന്റെയും പൊലിസിന്റെയും ഒത്തുകളി
കാക്കനാട് : ഭൂമാഫിയ സംഘം തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പൊലിസ് കള്ളക്കേസില്‍ കുടുക്കിയ യുവാവിനെ ഒന്നര വര്‍ഷത്തിന് ശേഷം കോടതി കുറ്റ വിമുക്തനാക്കിയപ്പോള്‍ കുടുംബം വഴിയാധാരമായി. കാക്കനാട് ചിറ്റേത്തുകര മേക്കാനത്ത് പരേതനായ അബൂബക്കറിന്റെ മകന്‍ ഷെരീഫിന്റെ ജീവിതമാണ് പൊലിസുകാരും ഭൂമാഫിയ സംഘവും ചേര്‍ന്ന് പന്താടിയത്.
2016 ജനുവരി 30ലെ അര്‍ധരാത്രിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഷെരീഫിന്റെ വൃദ്ധമാതാവിനും ഭാര്യക്കും ഉറ്റവര്‍ക്കുമെല്ലാം ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. വീടിന് സമീപം ഇന്‍ഫൊപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേ റോഡിനോട് ചേര്‍ന്നുള്ള കോടികള്‍ വിലമതിക്കുന്ന ചതുപ്പ് നികത്തുന്ന വിവരം പൊലിസിനെ അറിയിച്ചതാണ് ചെയ്ത കുറ്റം. വന്‍ റിയല്‍ എസ്റ്റേറ്റ് ധനകാര്യ സ്ഥാപനത്തിന് വേണ്ടി ഭൂമാഫിയ കരാറെടുത്ത് നിലം നികത്തുന്ന വിവരം ആദ്യം കണ്‍ട്രോള്‍ റൂമിലാണ് അറിയിച്ചത്. 30ന് അര്‍ധ രാത്രിയില്‍ പൊലിസ് എത്തുന്നതിന് മുമ്പ് ഭൂമാഫിയ സംഘം സ്ഥലം വിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സുഹൃത്തും അയല്‍വാസിയുമായ സൊഹറാബുമായി കാറില്‍ എത്തുകയായിരുന്നു.
സ്ഥലം നികത്തുന്ന വിവരം രണ്ട് ദിവസം മുമ്പ് ഇന്‍ഫൊപാര്‍ക്ക് പൊലിസിലും അറിയിച്ചിരുന്നു. ഭൂമി നികത്തുന്നുണ്ടെങ്കില്‍ വിളിച്ച് അറിയിക്കാന്‍ അന്നത്തെ സ്ഥലം എസ്.ഐ അറിയിക്കുകയും ചെയ്തിരുന്നു.
പൊലിസിന്റെ കൂടി പിന്തുണയുണ്ടെന്ന വിശ്വാസത്തിലാണ് ഷെരീഫും സുഹൃത്തും അര്‍ധ രാത്രിയില്‍ സ്ഥലത്തെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെ ഭൂമാഫിയ സംഘം ജെസിബി ഉള്‍പ്പെടെയുള്ള പണിയായുധങ്ങള്‍ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം ഷെരീഫും സുഹൃത്തും ചേര്‍ന്ന് കാര്‍ വട്ടം വെച്ച് തടഞ്ഞതാണ് ഭൂമാഫിയ സംഘത്തെ ചൊടിപ്പിച്ചത്. ജെ.സി.ബി ചാടിച്ച് കൊണ്ട് പോകുന്നതിനിടെ സംഘത്തിലെ ഒരാളുടെ ഇടത് കാല്‍മുട്ടിന് താഴെ ഒടിഞ്ഞത് കാര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലിസുമായി ഗൂഢാലോചന നടത്തി ഷെരീഫിനെതിരെ വധശ്രമത്തിന് പൊലിസ് കേസെടുക്കുകയായിരുന്നു.
മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പാതിരാത്രിയില്‍ കാത്തു നിന്നവരെ ഷെരീഫും സുഹൃത്തും ചേര്‍ന്ന് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായി പൊലിസ് കേസ്. ഇന്‍ഫൊപാര്‍ക്ക് മുന്‍ സി.ഐ സാജന്‍ വര്‍ഗീസിനായിരുന്നു അന്വേഷണ ചുമതല. ഭൂമാഫിയ സംഘത്തിന് ഒത്താശ ചെയ്ത സി.ഐയെ പിന്നീട് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി ജില്ല പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ടൗണ്‍ സൗത്ത് പൊലിസ് ഇന്‍സ്‌പെക്ടര്‍ സിബിടോം നടത്തിയ അന്വേഷണമാണ് പൊലിസ് ഭൂമാഫിയ സംഘം നടത്തിയ ഒത്തുകളിയുടെ ചുരളഴിച്ചത്. ഷെരീഫിനെ കള്ളക്കേസില്‍ കുടുക്കിയ പൊലിസ് നാട്ടിലും ബന്ധുവീടുകളിലുമെല്ലാം വേട്ടയാടി.
ഇന്‍ഫൊപാര്‍ക്ക് എസ്.ഐയുടെ നേതൃത്വത്തില്‍ നെട്ടൂരിലെ ഭാര്യ വീട്ടില്‍ ഇരച്ചുകയറിയ പൊലിസ് വൃദ്ധയും വികലാംഗയുമായ ഭാര്യമാതാവിനെയും വെറുതെ വിട്ടില്ല. ഷെരീഫിനെ അന്വേഷിച്ചെത്തിയ പൊലിസിന്റെ കൃത്യനിര്‍വഹണം വ്യദ്ധമാതാവും ബന്ധുക്കളും ചേര്‍ന്ന് തടസപ്പെടുത്തിയെന്നായി കേസ്. ഈ കേസില്‍ വൃദ്ധയും വികലാംഗയുമായ ഷെരീഫിന്റെ ഭാര്യമാതാവ് പൊലിസ് നടപടി തടസപ്പെടുത്തിയെന്ന കള്ളക്കേസ് കോടതി മുഖവിലക്ക് പോലും എടുത്തില്ല.
ഭാര്യ സഹോദരി, അവരുടെ മകന്‍, സഹോദരന്‍ ഉള്‍പ്പെടെ പ്രതികളാക്കിയ പൊലിസ് ഷെരീഫിന് വേണ്ടി നടത്തിയ അന്വേഷണത്തില്‍ ഭാര്യവീട്ടിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകായിരുന്നു. ചിറ്റേത്തുകരയില്‍ സഹോദരിയും മാതാവും താമസിക്കുന്ന വീട്ടിലേക്ക് കല്ലേറുണ്ടായി. സ്ത്രീകളും കുട്ടികളും താമസിക്കുന്ന വീടിന്റെ ചില്ലുകള്‍ തകര്‍ത്ത് കുടുംബാംഗങ്ങളെ ഭയപെടുത്തുകയും, ഈ സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ അന്വേഷണം പോലും നടത്താതെ പൊലിസ് മുക്കുകയായിരുന്നു.
പൊലിസിന് പിടികൊടുക്കാതെ സ്ഥലം വിട്ടത് കൊണ്ട് ഷെരീഫിനെ പൊലിസിന് തുറങ്കലടക്കാനായില്ല. ജില്ലാ പൊലിസ് മേധാവിക്ക് ഷെരീഫിന്റെ വ്യദ്ധ മാതാവ് നബീസ അഭിഭാഷകന്‍ സി.എം.ജിഹാദിന്റെ സഹായത്തോടെ നല്‍കിയ പരാതി പരിഗണിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കേസിന്റെ ചുരുളഴിച്ചത്.
ഷെരീഫിനെതിരെ പരാതി നല്‍കിയയാള്‍ സംഭവ ദിവസം രാത്രിയില്‍ കാറിന്റെ വലതുവശം ഡോര്‍ ഭാഗത്തും റോഡിനും ഫുട്പാത്തിനും ഇടയില്‍പ്പെട്ടുപോയതാണ് പരാതിക്കാരന്റെ കാലിന് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നും സംഘം മണ്ണിട്ട് നികത്തി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുകയായിരുന്നുവെന്നും മാലിന്യം തടയുകയായിരുന്നില്ല സംഘത്തിന്റെ ലക്ഷ്യമെന്നും പുനരന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
പരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നതും അന്വേഷണത്തില്‍ കള്ളപ്പരാതിയാണെന്നും കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ടൗണ്‍ സൗത്ത് പൊലിസ് നടത്തിയ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ കുറ്റവിമുക്തനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."