പ്രതിപക്ഷ ബഹിഷ്‌കരണവും നടപ്പാക്കാന്‍ കഴിയാത്ത തീരുമാനങ്ങളും സര്‍ക്കാരിന് വെല്ലുവിളി
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാം ലോക കേരള സഭയക്ക് ഒരുങ്ങുമ്പോള്‍ സര്‍ക്കാരിന് വെല്ലുവിളിയാകുന്നത് പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും ഒന്നാം കേരള സഭയുടെ നടപ്പാക്കാന്‍ കഴിയാതെ പോയ തീരുമാനങ്ങളും.
പ്രവാസി മലയാളികളുടെ പൊതുവേദിയായി സര്‍ക്കാര്‍ രൂപം നല്‍കിയ ലോക കേരള സഭയുടെ ഒന്നാം സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണ ലഭ്യമായിരുന്നു. മാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതികളെ കണ്ണടച്ച് പിന്തുണക്കേണ്ടെന്ന യു.ഡി.എഫ് നിലപാടാണ് പ്രതിപക്ഷത്തെ ബഹിഷ്‌കരണത്തിലേക്ക് എത്തിച്ചത്. പ്രവാസി ക്ഷേമവും ഒപ്പം പ്രവാസികളുടെ നിക്ഷേപവും നൈപുണ്യവും ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമാക്കി തുടക്കം കുറിച്ച കേരള സഭയ്ക്ക് സ്ഥിരം സംവിധാനം എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രഥമ ലോക കേരള സഭയുടെ അഭിപ്രായങ്ങള്‍ മാനിച്ച് ഏഴ് സ്റ്റാന്റിങ് കമ്മിറ്റികള്‍ രൂപീകരിച്ച് തെരഞ്ഞെടുത്ത 10 ശുപാര്‍ശകളില്‍ എട്ടെണ്ണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
പ്രവാസി വാണിജ്യ വ്യവസായ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിന് വാണിജ്യ ചേംബറുകള്‍ രൂപീകരിക്കും, പ്രവാസികളായ പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ലഭ്യമാക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പ്രവാസി- വ്യവസായ-വാണിജ്യ പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കും, അക്കാദമിക് ഗവേഷണവികസനത്തിന് സമിതി രൂപീകരിക്കും, പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കാന്‍ പ്രത്യേക വായ്പാ സൗകര്യമുണ്ടാക്കും, സംരംഭകരാകാന്‍ തയാറാകുന്നവരുമായി പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്ക് മടക്കത്തിന് മുമ്പ് തന്നെ ആശയവിനിമയം നടത്താന്‍ ഏജന്‍സി രൂപീകരിക്കും,രോഗബാധിതരാകുന്നവര്‍ക്കും അപകടത്തില്‍പ്പെടുന്നവര്‍ക്കും തൊഴില്‍നഷ്ടമാകുമ്പോള്‍ സംരക്ഷണം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. സിയാല്‍ മാതൃകയില്‍ നിക്ഷേപ മേഖലകള്‍ രൂപീകരിക്കും ഇതരസംസ്ഥാനങ്ങളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ രൂപീകരിക്കും, എന്‍.ആര്‍. ഐ ബാങ്കും കണ്‍സ്ട്രക്ഷന്‍ കമ്പനിയും രൂപീകരിക്കും തുടങ്ങി ജില്ലാ പ്രവാസി പരാതി പരിഹാരകമ്മിറ്റിയും വിമാനത്താവളങ്ങളില്‍ വനിതകള്‍ക്കായി മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വരെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തിനിടയില്‍ കഴിഞ്ഞില്ലെന്നതാണ് പ്രവാസിസംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന പരാതി.
പ്രവാസികളില്‍നിന്ന് നിക്ഷേപം സമാഹരിക്കാന്‍ ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് എന്ന പേരില്‍ ഒരു കമ്പനി രൂപീകരിക്കാനും കേരള സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും കോടികള്‍ മുടക്കി നിയമസഭാ മന്ദിരത്തിലെ ഹാള്‍ നവീകരിച്ചതും മാത്രമാണ് നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാല്‍ ജനാധിപത്യ പ്രക്രിയയില്‍ അത്യപൂര്‍വമായ മാതൃകയാണ് കേരള സഭയെന്നും പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."