പൗരത്വ നിയമ ഭേദഗതി: മുസ്ലിം സംഘടനകളുടെ പിന്തുണ തേടി യു.ഡി.എഫ്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം സംഘടനകളുടെയും മതപണ്ഡിതന്മാരുടെയും പിന്തുണ തേടി യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 20ഓളം മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നിയമ ഭേദഗതിയില്‍ തങ്ങള്‍ക്കുള്ള ആശങ്കകളും അഭിപ്രായങ്ങളും നേതാക്കള്‍ യോഗത്തില്‍ പങ്കുവച്ചു.
ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ യു.ഡി.എഫ് നടത്തുന്ന പോരാട്ടം തുടരുമെന്നും പ്രക്ഷോഭങ്ങളില്‍നിന്ന് പാന്നോട്ടുപോകില്ലെന്നും യോഗത്തിന് ശേഷം രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് ഒരു വിട്ടുവീഴ്ചക്കും തയാറല്ല. മുസ്ലിം സംഘടനാ നേതാക്കളോട് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സുപ്രിംകോടതയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗും നിയമഭേദഗതിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായ പോരാട്ടം തുടരും.
അതോടൊപ്പം യു.ഡി.എഫ് രണ്ട് റാലികള്‍ സംഘടിപ്പിക്കും. ജനുവരി 13ന് എറണാകുളം മറൈന്‍ഡ്രൈവിലും 18ന് കോഴിക്കോട് കടപ്പുറത്തുമാണ് റാലികള്‍. കോഴിക്കോട് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതി മുസ്ലിംകളെ മാത്രമല്ല ബാധിക്കുന്നത്. വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളില്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ട്.
തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ വംശജര്‍ക്കും കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആകെയും ആശങ്കയുണ്ട്. ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണം. ഇത് നിസാരമായി കാണാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലിം സംഘനടകളും മത നേതാക്കളുമായുള്ള യോഗം ഫലപ്രദമായിരുന്നു. പൗരത്വ ബില്ലിനെതിരേ യു.ഡി.എഫ് നടത്തുന്ന എല്ലാ സമരങ്ങളിലും അവരോട് പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ശക്തമായ സമര പരിപാടികള്‍ തീരുമാനിക്കുന്നതിന് മൂന്നിന് എറണാകുളത്ത് യു.ഡി.എഫ് യോഗം ചേരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.കെ പ്രേമചന്ദ്രന് എം.പി, എം.എം ഹസന്, സി.പി ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സെയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരും പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ജമാഅത്ത് ഫെഡറേഷന്), ബഷീര്‍ വഹബി എം.ഡി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), മുഹമ്മദ് ഇര്‍ഷാദ് വഹാബി (സുന്നി ജമാഅത്ത്), സി.പി ഉമര്‍ സുല്ലമി (കെ.എന്‍.എം മര്‍ക്കസ്സുദ്ദഅ്വ), നബീല്‍ രണ്ടത്താണി (വിസ്ഡം),പ്രൊഫ. ഇ. അബ്ദുല്‍ റഷീദ് (മെക്ക),വി.പി ശുഹൈബ് മൗലവി (പാളയം ഇമാം), നേമം സിദ്ദീഖ് സഖാഫി (എസ്.വൈ.എസ് കാന്തപുരം), ഷിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), നാസര്‍ കടയറ (മുസ്ലിം അസോസിയേഷന്), എ.സി കുട്ടി മുസ് ലിയാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."