തലമുറകളുടെ ഒത്തുചേരലായി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം
തൊടുപുഴ: തൊടുപുഴയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി. പൂര്‍വ അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പ്രൗഢ ഗംഭീരമായ സദസ്സാണ് സംഗമത്തിന് സാക്ഷ്യം വഹിച്ചത്. ഒരു നൂറ്റാണ്ടിനപ്പുറം പ്രവര്‍ത്തനം തുടങ്ങി ഒരു കാലഘട്ടത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകള്‍ ചെയ്ത പള്ളിക്കൂടത്തെ പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വിദ്യയുടെ ലോകത്തു കൈപിടിച്ചുയര്‍ത്തിയ സ്‌കൂളിന്റെ മുന്‍കാലങ്ങളെ ഗൃഹാതുരയോടെ സ്മരിച്ചുകൊണ്ടാണ് പൂര്‍വ വിദ്യാര്‍ഥിയും റിട്ട. പൊലിസ് ഐ.ജിയും വോളിബാള്‍ താരവുമായ എസ് .ഗോപിനാഥ് ഉദ്ഘാടനം ചെയ്തത്. തന്റെ ജീവിതത്തില്‍ എന്തെങ്കിലും നേടാനായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഈ സര്‍ക്കാര്‍ വിദ്യാലയവും ഇവിടുത്തെ അധ്യാപകരും വഹിച്ച പങ്ക് വിവരണാതീതമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ കൈപ്പിടിച്ചുയര്‍ത്തിയ ഗുരുഭൂതന്മാരുടെ സദസ്സിനെ അഭിവാദ്യം ചെയ്യാന്‍ ലഭിച്ച അവസരം സന്തോഷകരമാണെന്നും ഗോപിനാഥ് പറഞ്ഞു. സ്‌കൂളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു പൂര്‍വ വിദ്യാര്‍ഥികളുടെ ആത്മാര്‍ഥമായ സഹകരണം അഭ്യര്‍ഥിച്ചുകൊണ്ടാണ് ചടങ്ങില്‍ അധ്യക്ഷനായ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വി.എസ് സെയ്തുമുഹമ്മദ് പ്രസംഗം തുടങ്ങിയത്. പൂര്‍വ വിദ്യാര്‍ഥിനിയും മഞ്ചേരിയില്‍ താമസിക്കുന്ന പ്രവാസി മലയാളിയായ ജമീല പൂക്കോയ സ്‌കൂളിന് ഒരു ലാപ്‌ടോപ് സമ്മാനിക്കുന്നതായി അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ സ്‌റ്റേജിന്റെ നവീകരണവും ഇതിനോടകം പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുവന്ദനം നടത്തി. സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥിയും 1947 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഇഗ്ലീഷ് ലിവിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചയാളുമായ പുളിമൂട്ടില്‍ ശങ്കരപിള്ളയെ (92) സ്‌കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ പൂര്‍വവിദ്യാര്‍ഥിനി അലീന ചാക്കോ (2017 ബാച്ച് ) ആദരിച്ചു.
പി.ജെ ജോസഫ് എം.എല്‍.എ, റിട്ട. അധ്യാപകന്‍ മുണ്ടമറ്റം രാധാകൃഷ്ണന്‍, പൂര്‍വ വിദ്യാര്‍ഥികളായ അലിഗഡ് സര്‍വകലാശാല മുന്‍ വി.സി ഡോ. പി.കെ അബ്ദുല്‍ അസീസ്, തപസ്യ കലാവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ്, മാരിയില്‍ കൃഷ്ണന്‍നായര്‍, ജോസ് കാപ്പന്‍ ,ഫിലിപ്പ് മാത്യു ,ഡോ.പി.സി ജോര്‍ജ് ,ടി.കെ സുധാകരന്‍ നായര്‍ ,നഗരസഭാ കൗണ്‍സിലര്‍മാര്‍ ,അഡ്വ. ഇ.എ റഹിം,അഡ്വ.എന്‍. എം.എച്ച് നാസര്‍ (യാത്ര) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."