സഞ്ജീവ് ഭട്ട് തടവിലായിട്ട് 101ാം ദിനം; ജുഡീഷ്യറിയില്‍ വിശ്വാസമെന്ന് ഭാര്യ
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും കടുത്ത വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിട്ടു 100 ദിവസം പിന്നിട്ടു. 22 വര്‍ഷം മുന്‍പുള്ള കേസിന്റെ പേരിലാണ് സെപ്തംബര്‍ അഞ്ചിന് സഞ്ജീവിനെ ഗുജറാത്ത് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം ഇതുവരെ സഞ്ജീവിനു ജാമ്യം ലഭിച്ചിട്ടില്ല. 1996ല്‍ രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. ഈ കേസില്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഭാര്യ ശ്വേതാ ഭട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ സെഷന്‍സ് കോടതി മൂന്നുമാസമാണ് എടുത്തത്. ഇത് ജാമ്യംലഭിക്കുന്നത് നീളാനും കാരണമായി.
ഗുജറാത്ത് കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാകുന്നതും. ഗോധ്രാസംഭവത്തിനു പിന്നാലെ 2002 ഫെബ്രുവരി 27ന് വിളിച്ചുകൂട്ടിയ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുന്നതിന് ഹിന്ദുക്കളെ അനുവദിക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്നായിരുന്നു ഭട്ടിന്റെ വെളിപ്പെടുത്തല്‍. പ്രതികാര നടപടിയുടെ ഭാഗമായി 2015ലാണ് 1988 ബാച്ചിലെ ഐ.പി.എസുകാരനായ ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും പുറത്താക്കിയിത്. അതിനു ശേഷം സാമൂഹികമാധ്യമങ്ങളില്‍ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും നിശിതമായി വിമര്‍ശിച്ചുവരുന്നതിനിടെയാണ് രണ്ടുപതിറ്റാണ്ട് മുമ്പുള്ള കേസില്‍ ഭട്ട് അറസ്റ്റിലാവുന്നത്.
സഞ്ജീവിന്റെ തടവ് നൂറുദിവസം പിന്നിട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് നീതി ലഭിക്കുന്നത് വൈകുകയാണെന്ന് ഭാര്യ ശ്വേതാ ഭട്ട് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പ് ഇങ്ങനെ: ഇന്ന് സഞ്ജീവിനെ അറസ്റ്റ് ചെയ്തതിന്റെ 101ാം ദിവസമാണ്. എന്തെങ്കിലും കുറിപ്പിടാന്‍ ഇത്രയും ദിവസം കാത്തുനിന്നു. സന്തോഷമുള്ള ഒന്നാകണം ഈ കുറിപ്പെന്നു കരുതുന്നു. പക്ഷേ അതല്ല ഇപ്പോഴത്തെ അവസ്ഥ. വിചാരണ പൂര്‍ത്തിയായി സുപ്രിംകോടതി നിര്‍ത്തിവച്ച, 22 വര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എപ്പോഴും ജുഡീഷ്യറിയില്‍ വിശ്വസിച്ചു, ഇനിയും വിശ്വസിക്കാനാണ് താല്‍പര്യം. പക്ഷേ പലപ്പോഴും അതെന്നെ നിരാശപ്പെടുത്തി. ഹരജിയിപ്പോള്‍ ഹൈക്കോടതിയിലാണ്. വാദംകേള്‍ക്കുന്ന ദിവസം പോലും തീരുമാനിച്ചിട്ടില്ല. പക്ഷേ നല്ല പ്രതീക്ഷയുണ്ട് നീതി പുലരുമെന്ന്. സഞ്ജീവ് തിരിച്ചുവരുമെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."