വണ്ടിപ്പെരിയാര്‍ പുതിയപാലത്തിന്റെ നടപ്പാതയില്‍ വെള്ളക്കെട്ട്
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിന്റെ നടപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. നിര്‍മാണത്തിലെ അപാകതയാണ് നടപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളില്‍ വിവിധ ഇടങ്ങളിലായി വെള്ളം ഒഴുകിപ്പോവാനാവാതെ കെട്ടിക്കിടക്കുകയാണ്. മഴ കനത്തതോടെ കാല്‍നട യാത്രികര്‍ ചളി വെള്ളത്തില്‍ ചവിട്ടി നടക്കേണ്ട അവസ്ഥയാണ്. പാലം നിര്‍മാണം നടത്തിയപ്പോള്‍ വരുത്തിയ പിഴവാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായ വേളയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കരാറുകാര്‍ നടപ്പാതയിലെ ചരിഞ്ഞ ഭാഗം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ രണ്ടാമത് ചെയ്ത കോണ്‍ക്രീറ്റ് മുഴുവന്‍ ഒലിച്ചുപോയനിലയിലാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി ദിവസവും യാത്രചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് പാലത്തിന്റെ അപ്‌റോച്ച് റോഡിലെ മണ്ണിടിഞ്ഞ് താഴ്ന്നിരുന്നു.
സംരക്ഷണ ഭിത്തിക്കുള്ളില്‍ നിക്ഷേപിച്ച മണ്ണ് താണുപോയതാണ് അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി താഴാന്‍ കാരണമായത്.
പാലത്തിലൂടെ ഒഴുകുന്ന മഴവെള്ളം പൂര്‍ണമായും സംരക്ഷണഭിത്തിയുടെ ഭാഗത്ത് കൂടി ഒഴുകിയിറങ്ങുകയാണ് ചെയ്യുന്നത്. നടപ്പാതയോട് ചേര്‍ന്നുള്ള ഭാഗത്ത് വിള്ളല്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പെരിയാര്‍ നദിക്ക് കുറുകെ പുതിയ പാലം നിര്‍മിച്ച് ഉദ്ഘാടനം നടന്നത്.
അപകടാവസ്ഥയിലായ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരുന്നത്. ആറുകോടി 40 ലക്ഷം രൂപ ചിലവഴിച്ചാണ് 104 മീറ്റര്‍ നീളമുള്ള പുതിയ പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."