കയര്‍ മേഖലാ വികസനം: 1200 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി
ആലപ്പുഴ: കയര്‍മേഖലക്കായി കേന്ദ്ര, സംസ്ഥാന ഏജന്‍സികളുമായി ആലോചിച്ച് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്.
കയര്‍മേള 2017 സ്വാഗതസംഘം അവലോകന യോഗം കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനുള്ള സാങ്കേതിക നടപടികള്‍ നടന്നുവരികയാണ്. പദ്ധതി പ്രകാരം 15 പുതിയ കയര്‍ ഫാക്ടറികള്‍ ആരംഭിക്കും.
ഫാക്ടറിയിലേക്കാവശ്യമായ ആധുനിക യന്ത്രങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി നടത്തിപ്പിനായി സ്വകാര്യ ഏജന്‍സികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളിലെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള കടല്‍ഭിത്തി ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍ വിപുലമായി പ്രവൃത്തികള്‍ നടത്തുന്നതിന് 15ന് സെമിനാര്‍ സംഘടിപ്പിക്കും.
ഒക്‌ടോബര്‍ അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് അന്താരാഷ്ട്ര കയര്‍മേള ആലപ്പുഴയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. കയര്‍മേളയുടെ നടത്തിപ്പിനായി 14 സബ്കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്.കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ അധ്യക്ഷനായി.
കെ. പ്രസാദ്, കെ.ആര്‍ ഭഗീരഥന്‍, ജി. വേണുഗോപാല്‍, ബീന കൊച്ചുബാവ, സായികുമാര്‍, കെ. രമേശ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."