ഐ ലീഗ്: ഗോകുലത്തെ തളച്ച് റിയല്‍
യു.എച്ച് സിദ്ദീഖ്#
കോഴിക്കോട്: കളത്തിന് പുറത്തെ കൈയാങ്കളിക്ക് പിന്നാലെ കളത്തിലെ പോരിനിറങ്ങിയ റിയല്‍ കശ്മിര്‍ മലബാറിയന്‍സിനെ സമനിലയില്‍ തളച്ചു. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം കേരള എഫ്.സി റിയല്‍ കശ്മിരിനോട് സമനില വഴങ്ങിയത്. 20 ാം മിനുട്ടില്‍ പ്രീതം സിങ് ആണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. 69 ാം മിനുട്ടില്‍ സുര്‍ചന്ദ്ര സിങിലൂടെ റിയല്‍ കശ്മിര്‍ സമനില പിടിച്ചു.
ആദ്യപകുതിയുടെ ആദ്യ പത്തു മിനുട്ടില്‍ കളത്തില്‍ റിയലിന്റെ പൂര്‍ണാധിപത്യമായിരുന്നു. നിരന്തരം ഗോകുലം ഗോള്‍മുഖത്ത് പരീക്ഷണങ്ങളുമായി റിയല്‍ താരങ്ങള്‍ വട്ടമിട്ടു പറന്നു. ആദ്യ നിമിഷങ്ങളില്‍ റിയല്‍ ബോക്‌സിനുള്ളില്‍ പ്രവേശിക്കാന്‍ പോലും ഗോകുലത്തിനായില്ല. 12 ാം മിനുട്ടില്‍ ഗോകുലം ഗോള്‍ ഉറപ്പിച്ച നീക്കം നടത്തി.
റിയല്‍ പ്രതിരോധത്തെ കബളിപ്പിച്ചു മുന്നേറിയ ഗോകുലത്തിന്റെ പുതിയ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ജോയല്‍ സണ്‍ഡേ നല്‍കിയ പന്ത് പിടിച്ചെടുത്ത അര്‍ജുന്‍ ജയരാജ് റിയല്‍ ഗോള്‍മുഖത്തേക്ക് ശക്തമായൊരു ഷോട്ട് പായിച്ചെങ്കിലും ക്രോസ്ബാര്‍ രക്ഷകനായി.
റിയലിനെ ഞെട്ടിച്ച് പ്രീതം
20 ാം മിനുട്ടിലായിരുന്നു ഗാലറി കാത്തിരുന്ന ഗോകുലത്തിന്റെ ഗോള്‍ പിറന്നത്. റിയല്‍ പ്രതിരോധതാരം അബാഷ് താപ്പയില്‍നിന്ന് തട്ടിയെടുത്ത പന്ത് അര്‍ജുന്‍ ജയരാജ് പ്രീതം സിങിന് നല്‍കി. പന്ത് പിടിച്ചെടുക്കാനായി മുന്നിലേക്ക് ഓടിക്കയറിയ റിയല്‍ ഗോളി ബിലാല്‍ ഹുസൈന്‍ ഖാനെ കബളിപ്പിച്ച് പ്രീതം പന്ത് വലയിലേക്ക് ചിപ്പു ചെയ്തു. റിയല്‍ കശ്മിര്‍ അബെന്‍ഡോയ് കോഫി ടെറ്റേയുടെ നേതൃത്വത്തില്‍ ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടിയെങ്കിലും റിയലിന് ലക്ഷ്യം അകന്നു നിന്നു.
ഗോകുലത്തെ വിറപ്പിച്ചു സുര്‍ചന്ദ്ര
69 ാം മിനുട്ടിലായിരുന്നു പോരാട്ടം സമനിലയിലാക്കിയ റിയലിന്റെ ഗോള്‍ പിറന്നത്. ടെറ്റേയില്‍നിന്ന് ലഭിച്ച പന്ത് മനോഹരമായ ഷോട്ടിലൂടെ സുര്‍ചന്ദ്ര സിങ് ഗോകുലം ഗോളി അര്‍ണാബ് ദാസിനെ കാഴ്ചക്കാരനാക്കി വലയില്‍ വീഴ്ത്തി.
വിജയ ഗോള്‍ തേടി ഗോകുലം അവസാന നിമിഷം ഉണര്‍ന്നു കളിച്ചെങ്കിലും റിയല്‍ പരിശീലകന്‍ റോബട്‌സണിന്റെ പുത്രന്‍ മേസന്‍ ലീ ഉള്‍പ്പെട്ട പ്രതിരോധത്തെ ഉലയ്ക്കാനായില്ല. മേസന്‍ ലീ പ്രതിരോധത്തില്‍ മികച്ച കളിയാണ് പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."