ശാപമോക്ഷം കാത്ത് ശാസ്താനഗര്‍ പയറ്റാംകുന്ന് ബൈപാസ്
അകത്തേത്തറ : പാലക്കാട്-മലമ്പുഴ റൂട്ടില്‍ ശാസ്താനഗര്‍ നിവാസികളുടെ സ്വപ്നപദ്ധതിയായ ശാസ്താനഗര്‍-പയറ്റാംകുന്നം ബൈപാസ് മെറ്റലിങ്ങില്‍ മാത്രമൊതുങ്ങിയിട്ട് നാലുവര്‍ഷം. അകത്തേത്തറ ശാസ്താനഗറില്‍നിന്ന് മുട്ടിക്കുളങ്ങരവരെയെത്തുന്ന ബൈപാസിന്റെ നിര്‍മാണമാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. കോയമ്പത്തൂര്‍ -പൊള്ളാച്ചി ദേശീയ പാതയിലേക്ക് ഗതാഗതസൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പദ്ധതി ഇപ്പോള്‍ കടലാസില്‍ ഒതുങ്ങിയ അവസ്ഥയിലാണ്. വൈകാതെ പണി തുടങ്ങുമെന്ന പല്ലവി ആവര്‍ത്തിക്കുകയാണ് ഇപ്പോഴും പൊതുമരാമത്ത് വകുപ്പ്. പാലക്കാട്-കോഴിക്കോട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 2008 ലാണ് ബൈപ്പാസെന്ന പദ്ധതി ആവിഷ്‌കരിച്ചത്. പ്രധാനമായും ചരക്കുവാഹനങ്ങള്‍ക്ക് ഗതാഗതസൗകര്യമൊരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിനു സമീപത്തെ താമസക്കാരില്‍ ചിലരില്‍നിന്ന് ഭൂമിയേറ്റെടുക്കുകയും റോഡില്‍ മണ്ണ് നിരത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് പദ്ധതി ഇഴഞ്ഞുനീങ്ങി. തുടര്‍ന്ന്, 2011ല്‍ റോഡിന്റെ ആദ്യഘട്ട നിര്‍മാണം തുടങ്ങി. രണ്ടരക്കോടി ചെലവിട്ട് 6.4കിലോമീറ്റര്‍ വരുന്ന റോഡ് ഫോര്‍മേഷന്‍ നടത്തി രണ്ടു ലെയര്‍ മെറ്റലിങ്ങും പൂര്‍ത്തിയാക്കി. പിന്നീട് നടത്തേണ്ട ടാറിങ്ങടക്കമുള്ള പ്രവൃത്തികളാണ് വര്‍ഷങ്ങളായി മുടങ്ങികിടക്കുന്നത്. റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ക്കായി രണ്ടരവര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടത്തിയിരുന്നു. എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്ത കരാറുകാര്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിയത് റോഡ് നിര്‍മാണം ഇടയ്ക്ക് നിലയ്ക്കാന്‍ കാരണമായി. എന്നാല്‍, കോടതി നടപടികള്‍ അവസാനിച്ച് ആറുമാസത്തോളമായിട്ടും ഇതേവരെ റോഡുനിര്‍മാണം തുടങ്ങാനായിട്ടില്ല. ആദ്യഘട്ടത്തില്‍ മെറ്റലിങ്ങ് വരെയെത്തിയ റോഡാകട്ടെ ഏറെക്കുറെ തകര്‍ന്നു. മെറ്റലിളകി കുണ്ടും കുഴിയുമായി റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്നതിനാല്‍ ശാസ്താനഗര്‍-പയറ്റാംകുന്ന് റൂട്ടില്‍ ഓട്ടോറിക്ഷകളും സര്‍വീസ് നടത്താന്‍ മടിക്കുകയാണ്. വികസനം സ്വപ്നം കണ്ട് റോഡിനായി സ്ഥലം വിട്ടുകൊടുത്ത പ്രദേശവാസികള്‍ക്ക് തൊട്ടടുത്ത ബസ് സ്റ്റോപ്പിലെത്താനായി ഇപ്പോള്‍ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയാണ്. അതേ സമയം, റോഡ് ടാറിങ്ങ് നടത്തുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും വൈകാതെ റോഡുനിര്‍മാണം തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഭരണം മാറിയതോടെ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി പുതിയ എംഎല്‍എയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."