ഓണ വിപണി ലക്ഷ്യമിട്ടു വിളവിറക്കിയ പച്ചക്കറി കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോട്ടായി: ഓണവിപണി ലക്ഷ്യമിട്ടു തുടങ്ങിയ പച്ചക്കറി കൃഷികളില്‍ പ്രതീക്ഷയറ്റ് കര്‍ഷകര്‍. സ്വന്തം സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും പാവല്‍, പടവലം, പയര്‍ എന്നിവയാണ് മിക്ക കര്‍ഷകരും കൃഷി ചെയ്തത്.
വേനല്‍മഴ ലഭിച്ചതോടെ നിലം ഒരുക്കി കര്‍ഷകര്‍ കുളങ്ങളില്‍ നിന്നും മറ്റും പമ്പു ചെയ്ത് വെള്ളം നല്‍കി വളര്‍ത്തിയെടുത്തതാണ് ഇവ. എന്നാല്‍ വര്‍ഷക്കാലത്തെ മഴക്കുറവുമൂലം ഇവയുടെ വിളവിലും വന്‍തോതില്‍ കുറവുണ്ടായി.
ജൂലൈ പകുതിയില്‍ കനത്ത മഴ പെയ്ത് പാവലിലെ പൂവുകള്‍ക്കു നാശമുണ്ടാക്കി. ഇതേ തുടര്‍ന്നു മഞ്ഞളിപ്പു രോഗവുമുണ്ടായതോടെ ഉത്പാദനം പകുതിയായി. നിലവില്‍ പാവല്‍കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് നഷ്ടക്കണക്കു മാത്രമേ പറയാനുള്ളൂ.
നിലം ഒരുക്കലും പന്തല്‍ കെട്ടലും വളപ്രയോഗവും മൂലം നല്ല തുകയാണ് ഓരോ കര്‍ഷകര്‍ക്കും ചെലവായത്. വിപണിയില്‍ വില കുതിക്കുമ്പോഴും കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.
കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പച്ചക്കറികള്‍ പ്രധാനമായും കൊണ്ടുപോകുന്നത്.
പൊതുവിപണിയില്‍ പാവക്കക്ക് 36 ഉം പയറിന് 50 രൂപയുമാണ് വിലയെങ്കിലും കര്‍ഷകരില്‍ നിന്ന് ഏജന്റുമാര്‍ പയര്‍ 40 രൂപക്കും പാവക്ക 25 രൂപക്കുമാണ് വാങ്ങുന്നത്.
ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തിലാണ് ഓണക്കാലത്ത് പച്ചക്കറി സംഭരണം നടക്കുന്നത്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തിയാല്‍ കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുമെന്നു കര്‍ഷകര്‍ വ്യക്തമാക്കി.
ഉത്പാദിപ്പിക്കുന്ന പച്ചക്കറി പൂര്‍ണമായും സംഭരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇനിയും യാഥാര്‍ഥ്യമായില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."