എന്തുകൊണ്ട് നമ്മള്‍ പൊട്ടിത്തെറിക്കുന്നില്ല
എഴുതാന്‍ ഒട്ടേറെ വിഷയം മുന്നിലുണ്ടെങ്കിലും മേഘാലയ ഹൈക്കോടതിയിലെ ന്യായാധിപന്മാരില്‍ ഒരാള്‍ ചീറ്റിയ കാളകൂടവിഷത്തിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ അതു ചരിത്രത്തോടും ഇന്ത്യന്‍ മതേതരത്വത്തോടും ചെയ്യുന്ന നന്ദികേടാകുമെന്നു വിശ്വസിക്കുന്നു. കാരണം, ഇന്ത്യന്‍ ജുഡീഷ്യറുടെ ചരിത്രത്തില്‍ ഇത്രയും ശപിക്കപ്പെടേണ്ട പരാമര്‍ശം ആരും നടത്തിയിട്ടേയില്ല.
സൈനിക റിക്രൂട്ട്‌മെന്റിനു സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേസ്സില്‍ വിധി പറയുന്നതിനിടയിലാണ് സുദീപ് രഞ്ജന്‍ സെന്‍ എന്ന ന്യായാധിപന്‍ രാജ്യത്തെ നീതിപീഠത്തിനാകെ അപമാനകരമായ വിഷലിപ്തവാക്കുകള്‍ ചൊരിഞ്ഞത്. വിഭജനകാലത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാത്തതിലുള്ള മനോവിഷമമായിരുന്നു നീതിപീഠത്തിലിരുന്ന ആ മനുഷ്യനെ വേദനിപ്പിച്ചിച്ചത്.
മനസ്സില്‍ വര്‍ഗീയത നിറഞ്ഞവര്‍ എല്ലാ രംഗത്തുമുണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. അത്തരക്കാരുടെ വാക്കിലെയും എഴുത്തിലെയും വരികള്‍ക്കിടയില്‍ വര്‍ഗീയത നുരപൊന്തുന്നതു കാണാം. ഒരു മതവും വര്‍ഗീയവിദ്വേഷത്തിന് ആഹ്വാനം ചെയ്യുന്നില്ലെങ്കിലും ഇത്തരം വര്‍ഗീയക്കോമരങ്ങള്‍ പല മതങ്ങളുടെയും ലേബലുകള്‍ ഉപയോഗിച്ചാണു രംഗപ്രവേശനം ചെയ്യാറ്.
ഇതില്‍, വര്‍ഗീയപ്രചാരണം രാഷ്ട്രീയായുധമാക്കിയവരൊഴികെ ഒട്ടുമിക്ക വര്‍ഗീയമനസ്സുകളും പുറംമോടിയിലെങ്കിലും മതേതരത്വം പറയുന്നവരായിരിക്കും. വര്‍ഗീയമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യത്തെ മതേതര പാരമ്പര്യത്തിനു യോജിച്ചതല്ലെന്ന നാണക്കേടെങ്കിലും അവരുടെ മുഖത്തു കണ്ടിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വ സ്ഥാനങ്ങളിലിരിക്കുന്നവരില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണു വര്‍ഗീയതയുടെ വിഷം ചീറ്റല്‍. അങ്ങനെ സംഭവിച്ചാല്‍ അതോടെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ചീട്ടുകൊണ്ടാരം പോലെ തകര്‍ന്നു വീഴും. ആ ബാലപാഠമാണ് മേഘാലയയില്‍ നീതിപീഠത്തിലിരുന്ന് ഒരാള്‍ ലംഘിച്ചിരിക്കുന്നത്.
പല കേസുകളുടെയും വിചാരണവേളയില്‍ നീതിപീഠത്തില്‍ നിന്നു പല വാക്കാല്‍ പരാമര്‍ശങ്ങളും ഉണ്ടാവാറുണ്ട്. അതില്‍ പലതും വിചിത്രവും പ്രതിലോമകരവുമായി തോന്നാറുമുണ്ട്. എന്നാല്‍, അവ ശരിയായ നിഗമനത്തിലെത്തുന്നതിനുള്ള നീതിപീഠത്തിന്റെ അന്വേഷണ മാര്‍ഗങ്ങളിലൊന്നു മാത്രമാണ്. ഇവിടെ അതല്ല സംഭവിച്ചത്. കേസിന്റെ വിധിപ്രസ്താവത്തിലാണ് തികച്ചും അനുചിതവും വര്‍ഗീയവുമായ പരാമര്‍ശമുണ്ടായത്.
മതാടിസ്ഥാനത്തിലായിരുന്നു ഇന്ത്യാ വിഭജനമെന്നതിനാല്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഹിന്ദുരാഷ്ട്രമാകേണ്ടിയിരുന്നുവെന്നാണു ജഡ്ജിയുടെ അഭിപ്രായപ്രകടനത്തിന്റെ ഉള്ളടക്കം. ഇന്ത്യയൊരു മതേതര രാജ്യമായതിലുള്ള വിഷമം പിന്നീടുള്ള പരമാര്‍ശങ്ങളില്‍ ഉടനീളമുണ്ട്.
ആദികാലം മുതല്‍ ഇന്ത്യ ഹിന്ദുമഹാരാജ്യമായിരുന്നെന്നും മുഗളന്മാരും ബ്രിട്ടീഷുകാരും വന്ന ശേഷമാണു പലതായി വിഭജിച്ചുപോയതെന്നും പറയുന്നു. ഈ ന്യായാധിപന്‍ പറയുന്നപോലെ അഫ്ഗാനിസ്ഥാനും പാകിസ്താനും ബംഗ്ലാദേശുമെല്ലാം ചേര്‍ന്ന ഒരു ഇന്ത്യാ മഹാരാജ്യം ഏതെങ്കിലും കാലത്ത് ഒരു രാജാവിന്റെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. ഇതിഹാസങ്ങളും പുരാണങ്ങളും അനുസരിച്ചും ത്രേതായുഗത്തിലും ദ്വാപരയുഗത്തിലുമെല്ലാം കേകയ, മഗധം, കോസലം തുടങ്ങി നൂറുകണക്കിനു രാജ്യങ്ങള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്നു.
അക്കാലത്ത് ഏതെങ്കിലും മതം ഇവിടെ പ്രാമുഖ്യം നേടിയിരുന്നില്ല. നിരവധി ആചാരവിശ്വാസങ്ങളും സംസ്‌കാരങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും നിലനിന്ന നാടായിരുന്നു ഇത്. വിഭിന്ന ശ്രമണസംഘങ്ങള്‍ സജീവമായിരുന്നു. അവയില്‍ പലതും പില്‍ക്കാലത്തു ക്ഷയിക്കുകയും മറ്റു ചിലതു മതങ്ങളായി പരിണമിക്കുകയും ചെയ്യുകയായിരുന്നെന്നും ചരിത്രം പറയുന്നു. പില്‍ക്കാലത്ത്, മുഗളന്മാരുടെയും അതു കഴിഞ്ഞ് ബ്രിട്ടീഷുകാരുടെയും കാലത്താണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കുറേ പ്രദേശങ്ങള്‍ ഒരു ഭരണത്തിന്‍ കീഴിലെത്തിയത്.
അക്കാലത്തെ ഇന്ത്യ പോലുമല്ല ഇന്നത്തെ ഇന്ത്യ. ബ്രിട്ടീഷ്ഭരണത്തിന്‍ കീഴിലെ പഴയ പഞ്ചാബും ബംഗാളും വിഭജിക്കപ്പെട്ടെന്നതു സത്യമാണെങ്കിലും ബ്രിട്ടീഷ് ഭരണത്തിനു കീഴിലല്ലാതിരുന്ന സ്വതന്ത്ര രാജ്യങ്ങളായിരുന്ന ഹൈദരാബാദും മൈസൂരും ജുനഗഡും കശ്മീരും എന്തിനേറെ നമ്മുടെ കേരളത്തിലെ പഴയ വേണാടും സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതൊന്നുമറിയാതെയാണോ മഹനീയമായ നീതിപീഠത്തിലിരുന്ന് ഒരാള്‍ ചരിത്രവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്.
രണ്ടു കാര്യങ്ങള്‍ കൂടി വിധി പ്രസ്താവത്തിനിടെ ന്യായാധിപന്‍ പറയുന്നുണ്ട്. ഒന്നു മോദി പ്രകീര്‍ത്തനമാണ്. ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കിത്തീര്‍ക്കാനുള്ള നീക്കത്തെ മോദി സര്‍ക്കാര്‍ എല്ലാ കഴിവുമുപയോഗിച്ചു ചെറുക്കുമെന്ന തന്റെ ശുഭപ്രതീക്ഷ ന്യായാധിപക്കസേരയിലിരുന്ന് അദ്ദേഹം പറയുന്നുണ്ട്. ആരാണ്, ഏതു കാലത്താണ് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കാന്‍ ശ്രമിച്ചത്. ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ, നെടുങ്കോട്ടപോലെ അതിശക്തമായ ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം സാധ്യമാകുന്നതാണോ അത്.
അതിഗുരുതരമായ മറ്റൊരു പരാമര്‍ശം കൂടി ഇതിലുണ്ട്്. ഇപ്പോഴും പാകിസ്താനിലും മറ്റും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ നരകയാതന അനുഭവിക്കുന്നുണ്ടെന്നും മതിയായ രേഖകളില്ലെങ്കിലും അവരെ ഇന്ത്യയിലേയ്ക്കു തിരിച്ചുകൊണ്ടുവരേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും ഈ ന്യായാധിപന്‍ പറയുന്നു.
വിഭജനകാലത്തു മനസ്സുനിറയെ വര്‍ഗീയവിദ്വേഷവുമായെത്തിയ ലക്ഷക്കണക്കിനാളുകളാണ് ഇന്ത്യയില്‍ ഭീകരമായ ചോരച്ചാലുകള്‍ ഒഴുക്കുന്നതിന് കാരണക്കാരായത്. മനസ്സുനിറയെ വര്‍ഗീയവിദ്വേഷമുള്ളവരുടെ ഒരു കുത്തൊഴുക്കുകൂടി ഇന്ത്യയിലേയ്ക്കുണ്ടായാല്‍ അതോടെ ഇവിടത്തെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണുകള്‍ തകര്‍ന്നു വീഴുമെന്നുറപ്പ്. പിന്നെ, എന്തൊക്കെ സംഭവിക്കുമെന്നു പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
മഹനീയമായ നീതീപീഠത്തിലിരുന്ന് ഇങ്ങനെയൊക്കെ പറയാമോയെന്നതാണു ചോദ്യം.
അതിനേക്കാള്‍ പ്രസക്തമായ ചോദ്യം ഇത്തരമൊരു പരാര്‍ശമുണ്ടായിട്ടും ഇന്ത്യയിലെ പരമോന്നത നീതിപീഠം പോലും അതു തടയുന്ന രീതിയില്‍ പ്രതികരിക്കാതിരുന്നതെന്തേയെന്നതാണ്.
അതിനേക്കാള്‍ വേദനിപ്പിക്കുന്ന കാര്യം ഈ മതേതരസമൂഹം ഇതെല്ലാം കേട്ടിട്ടും എന്തു കൊണ്ടു പൊട്ടിത്തെറിക്കുന്നില്ലെന്നതിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."