കേരളം രണ്ടാം നവോഥാനത്തിന് കാതോര്‍ത്തിരിക്കുന്നു: മന്ത്രി സി. രവീന്ദ്രനാഥ്
തൃശൂര്‍: കേരളം രണ്ടാം നവോഥാനത്തിനു കാതോര്‍ത്തിരിക്കുകയാണെന്നും തെറ്റായ സാംസ്‌കാരിക ഇടപെടലുകള്‍ സംസ്ഥാനത്തെ കമ്പോളമാക്കിയിരിക്കുകയാണെന്നും മന്ത്രി സി. രവീന്ദ്രനാഥ്. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള നവോഥാനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനമുണ്ടാകണം. നവോഥാനം സൃഷ്ടിച്ച മനുഷ്യമനസിലെ പൊതുഇടങ്ങള്‍ ചുരുങ്ങുകയും മനസുകളില്‍ മതമൗലിക ചിന്തകള്‍ കടന്നുകൂടുകയും ചെയ്തിരിക്കുകയാണ്. നവോഥാനത്തിനുശേഷം വളര്‍ന്നുവരേണ്ട സാംസ്‌കാരിക മേഖല എന്തുകൊണ്ട് തളര്‍ന്നുവെന്നു ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ സാംസ്‌കാരിക മേഖല വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യവും മയക്കുമരുന്നും മനുഷ്യമനസിനെ കീഴടക്കുന്ന അവസ്ഥ മൂല്യച്യൂതിയാണു കാണിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതി ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. വെറും പോസ്റ്റര്‍ പ്രചാരണം കൊണ്ടു മാത്രം നടപ്പാക്കുന്ന ഒന്നല്ല വിമുക്തി. പ്രകൃതിയുടെ രാഗതാളങ്ങളാണു കലാകാരന്മാര്‍. വിമുക്തി എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സാംസ്‌കാരിക ഇടപെടലില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഭാഗഭാക്കാകണമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. വര്‍ഗീസ് ആന്റണി അധ്യക്ഷനായി. കവി ആലങ്കോട് ലീലാകൃഷ്ണന്‍, സിനിമാതാരം ജയരാജ് വാര്യര്‍, പ്രഭാഷകന്‍ മുഹമ്മദ് പേരാമ്പ്ര സംസാരിച്ചു. തുടര്‍ന്നുനടന്ന സുഹൃദ്‌സമ്മേളനം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, വിവിധ സംഘടനാ നേതാക്കളായ ടി.സി മാത്തുക്കുട്ടി, എന്‍.കെ ബെന്നി, പി. വിനോദ്, കെ.എ ശിവന്‍, കെ. രാധാകൃഷ്ണന്‍, അസോസിയേഷന്‍ ഭാരവാഹികളായ കെ.വി വിനോദ്, കെ.എസ് ഷിബു, എം.ബി വത്സരാജ്, പി.എച്ച് ഉമ്മര്‍, ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."