വനിതാ മതില്‍: യൂത്ത് ലീഗിന്റെ ഹരജി നാളെ പരിഗണിക്കും
കൊച്ചി: വനിതാ മതിലുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കോടതി തള്ളിയെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നും യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ യൂത്ത്‌ലീഗ് നല്‍കിയ ഹരജിയെ തുടര്‍ന്ന് രണ്ടു പ്രമുഖ മലയാള മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രളയാനന്തരം ചെയ്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ പരസ്യം സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. അതേസമയം വനിതാ മതിലിനു വേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാരിന് പണം പ്രശ്‌നമാവുന്നില്ല.
സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഡിസംബര്‍ ഒന്നിന് ഇറക്കിയ സര്‍ക്കുലറില്‍ എല്ലാ വീടുകളിലും വനിതാമതില്‍ കാംപയിന്‍ നടത്തണമെന്നുംഇതിന്റെ ചുമതല വനിതാ ശിശു വികസനവകുപ്പിനാണെന്നും അതിനായി ആവശ്യമുള്ള ഫണ്ട് ചെലവഴിക്കാമെന്നും ഫണ്ട് ധനകാര്യവകുപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ വാക്കിലും സര്‍ക്കുലറിലും വൈരുധ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെങ്കില്‍ വനിതാ മതിലിന് പണം എവിടെ നിന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നില്ലെന്ന വാദവും കളവാണ്. ഡിസംബര്‍ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റീജിയനല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ വനിതാ മതിലുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തില്‍ എല്ലാ പ്രിന്‍സിപ്പല്‍മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. പി.കെ ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."