സഊദിയിൽ പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക; സ്രോതസ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ കള്ളപ്പണ കേസിൽ പിടിക്കപ്പെടും
റിയാദ്: സഊദിയിൽ വ്യാപകമായി പണമിടപാട് നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. സ്രോതസ്സ് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കള്ളപ്പണമെന്ന വിലയിരുത്തലിൽ പിടിക്കപ്പെടാമെന്നുമാണ് മുന്നറിയിപ്പ്. സഊദി പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്രോതസ്സില്ലാതെ അയക്കുന്ന പണം കള്ളപ്പണത്തിന്റെ പരിധിയിലാണ് വരിക. അതിനാൽ തന്നെ പിടിക്കപ്പെട്ടാൽ സ്രോതസ്സ് വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസിന്റെ ഗൗരവം വർധിക്കും. അനധികൃതമായി ലഭിച്ചതോ സ്രോതസ്സ് വെളിപ്പെടുത്താത്തതോ ആയ പണം കള്ളപണമായി പരിഗണിക്കുമെന്നാണ് പ്രോസിക്യൂഷൻ മുന്നറിയിപ്പ്. ബിനാമി ബിസിനസ് വഴി ലഭിക്കുന്ന പണം കള്ളപ്പണത്തിന്റെ പരിധിയിൽ വരുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് കള്ളപ്പണം തടസമാണെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി .
സാമ്പത്തിക ഇടപാടുകളില്‍ ബാങ്കുകള്‍ നിരീക്ഷണം നടത്തുന്നുണ്ട്. സഊദി കേന്ദ്ര ബാങ്കായ സഊദി മോണിറ്ററി അതോറിറ്റി ഇത് സംബന്ധിച്ച് ബാങ്കുകൾക്കും പണമിടപാട് കേന്ദ്രങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത അളവിൽ കൂടുതൽ പണം അയക്കുന്നവരുടെ തുക തടഞ്ഞു വെക്കാനും അകൗണ്ട് ഉടമയെ കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നും സാമ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പണം അയക്കുന്നവരുടെ അകൗണ്ടിൽ വരവില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടായി പരിഗണിക്കുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്യും. ഇത്തരം ഇടപാടുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."