'ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തത് കേന്ദ്ര സര്‍ക്കാര്‍ പരിപാടിയായതിനാല്‍'
തിരുവനന്തപുരം: ആര്‍.എസ്.എസ് വേദി പങ്കിട്ടത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി കെ.കെ ശൈലജ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാലാണ് എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ മന്ത്രി പങ്കെടുത്തതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്ര ആയുഷ് വകുപ്പിന്റേയും സി.സി.ആര്‍.എ.എസിന്റേയും (സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആുര്‍വേദിക് മെഡിസിന്‍) നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിക്കാറുണ്ട്. 2002ല്‍ കേരളത്തില്‍ വച്ചാണ് ആദ്യത്തെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു.
തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. മാത്രമല്ല സി.സി.ആര്‍.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രി വിശദമാക്കി.
ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി ഈ മാസം 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജ പങ്കെടുത്തതാണു വിവാദത്തിലായത്. കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാന്‍ ഭാരതി പരിപാടി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."