തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കാന്‍ മനുഷ്യകവചം തീര്‍ക്കുന്നു
വാടാനപ്പള്ളി: ഭൂമാഫിയയുടെ ഭീഷണി പ്രതിരോധിക്കാന്‍ തളിക്കുളത്തെ യുവജനങ്ങള്‍ 15ന് തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മനുഷ്യകവചം തീര്‍ക്കുന്നു. 'സേവ് അവര്‍ ഗ്രൗണ്ട് ' എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കാനായി പ്രദേശത്തെ യുവജനങ്ങളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിനത്തില്‍ വേറിട്ട പ്രതിരോധം തീര്‍ക്കുന്നത്.
തളിക്കുളം സ്‌കൂളിനോട് ചേര്‍ന്നുള്ള ഭൂമി ചില സ്വകാര്യ വ്യക്തികള്‍ വാങ്ങിയതോടെയാണ് മണപ്പുറത്തെ ഏറ്റവും മനോഹരവും മികച്ച സൗകര്യങ്ങളുള്ളതുമായ ഗ്രൗണ്ടിനു ഭീഷണിയുയര്‍ന്നത്. സ്വകാര്യവ്യക്തികളുടെ ഭൂമിയിലേക്ക് ഗ്രൗണ്ടിലൂടെ വഴി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണു പ്രദേശത്തെ യുവാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ കളിക്കളം സംരക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കുകയായിരുന്നു.
ഗ്രൗണ്ടില്‍ പരിശീലനം നേടിയ നിരവധിപേര്‍ ഇന്ന് സൈന്യത്തിലും പൊലിസിലും ജോലി ചെയ്യുന്നുണ്ട്. കൂടാതെ യൂനിവേഴ്‌സിറ്റി തലത്തിലും മറ്റും മികവു തെളിയിച്ച പലരും ഇവിടെയാണു കായികാഭ്യാസത്തിന്റെ ബാലപാഠം സ്വന്തമാക്കിയത്. തളിക്കുളത്തെ ഒരു വിഭാഗം സി.പി.എം നേതാക്കളാണ് സ്‌കൂള്‍ ഗ്രൗണ്ട് പൊളിച്ച് സ്വകാര്യവ്യക്തികള്‍ക്കു വഴി നല്‍കണമെന്ന് ആവശ്യപ്പെടുന്നതായി ആരോപണമുണ്ട്. ഗ്രൗണ്ടിലൂടെ വഴിനല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സംരക്ഷണ സമിതിയും സര്‍ക്കാരിന്റെ ഒരു തുണ്ടുഭൂമിയും സ്വകാര്യവ്യക്തികള്‍ക്കു നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കളും ജില്ലാ പഞ്ചായത്തിനു നിരവധി തവണ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തളിക്കുളം ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗം കൈയാങ്കളിയിലാണ് കലാഷിച്ചത്. യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനെ ഒരു വിഭാഗം സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അവഹേളിച്ചുവിട്ടതായി ആക്ഷേപമുയര്‍ന്നിരുന്നു.
ചേറ്റുവ മുതല്‍ എടമുട്ടം വരെയുള്ള തീരദേശത്ത് ക്ലബുകളിലെയും സാംസ്‌കാരിക സമിതികളിലെയും കായികതാരങ്ങളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചാണ് 15ന് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മനുഷ്യകവചം തീര്‍ക്കുന്നത്. തളിക്കുളം ഹൈസ്‌കൂളിലെ ആയിരക്കണക്കിന് പൂര്‍വ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ കണ്ണികളാകും. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ 'സേവ് അവര്‍ ഗ്രൗണ്ട് ' എന്ന പേരില്‍ കാംപയിനും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."