കേരള തീരത്തു നിന്ന് സര്‍ട്ടിഫൈഡ് മത്തിയും അയലയും വിപണിയിലേക്ക്
കൊച്ചി: അറബിക്കടലിന്റെ കേരള തീരത്തു നിന്ന് പിടിക്കുന്ന മത്തിയും അയലയും ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സര്‍ട്ടിഫൈ ചെയ്ത് വിപണിയിലെത്തിക്കാനുള്ള സംവിധാനം നിലവില്‍ വരുന്നു. വിപണിയിലെത്തുന്ന മത്സ്യം എന്ന്, എവിടെ നിന്ന്, ആരു പിടിച്ചു, ഏതൊക്കെ സംസ്‌കരണ സംവിധാനങ്ങളിലൂടെ കടന്നു പോയി, ഗുണനിലവാരം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് സര്‍ട്ടിഫിക്കറ്റ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ സ്റ്റൂവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍ ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സി.
കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ആഗോള ഏജന്‍സിയാണ് മറൈന്‍ സ്റ്റൂവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍. കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) ആയിരിക്കും കേരളത്തിലെ ഗുണനിലവാര പരിശോധന കേന്ദ്രം. ആദ്യഘട്ടത്തില്‍ കേരളത്തില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളാണ് സര്‍ട്ടിഫൈ ചെയ്യുക. ഈ സര്‍ട്ടിഫക്കറ്റുള്ള മത്സ്യങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ വില ലഭിക്കും എന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫിസറും കുഫോസിലെ ശാസ്ത്രഞ്ജനുമായ ഡോ. ബിനു വര്‍ഗീസ് പറഞ്ഞു.
ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഗുണനിലവാര പരിശോധന നിര്‍വഹിക്കുന്നതിന് ആവശ്യമായ പരിശീലനം കുഫോസിലെ ശാസ്ത്രഞ്ജര്‍ക്കും സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കും മറൈന്‍ സ്റ്റൂവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍ നല്‍കി. കുഫോസില്‍ നടന്ന അഞ്ച് ദിവസത്തെ പരിശീലനത്തില്‍ 20 പേരാണ് പങ്കെടുത്തത്. വേള്‍ഡ് വൈല്‍ഡ് ഫണ്ടും കുഫോസും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടി ശനിയാഴ്ച സമാപിച്ചു. വേള്‍ഡ് പ്രോഗ്രാം മേധാവിയായ ഡോ. യെമി ഓളോറുന്‍ട്ടുയുടെ നേതൃത്വത്തില്‍ മറൈന്‍ സ്റ്റൂവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ വിദഗ്ദരാണ് പരിശീനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ ശാസ്ത്രഞ്ജര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടര്‍ സി.എന്‍ രവിശങ്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം വിക്ടര്‍ ജോര്‍ജ് അധ്യക്ഷനായി. ഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി ശങ്കര്‍, പരിശീലകരായ ഡോ. ജാക്കോ ബരന്റ്‌സെ, ഡോ. റോബ് ബ്ലൈത്ത്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഇന്ത്യന്‍ പ്രതിനിധി ഡോ. വിനോദ് മലയിലേത്ത്, മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍ ഇന്ത്യന്‍ പ്രതിനിധി ഡോ. രഞ്ജിത്ത് സുശീലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."