പത്തിന് വിലക്കില്ല: പത്തു രൂപാ നാണയം സ്വീകരിക്കാത്തതായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നു പൊലിസ്
വേങ്ങര: പത്തു രൂപയുടെ നാണയങ്ങള്‍ വിപണിയില്‍ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. വിഷയത്തില്‍ പരാതി ലഭിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നു പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാപാര കേന്ദ്രം, ഹോട്ടല്‍, പെട്രോള്‍ പമ്പ്, ബസ് ഓട്ടോ ടാക്‌സി സര്‍വിസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് ഇടപാടുകള്‍ക്കു പത്തു രൂപാ നാണയങ്ങള്‍ സ്വീകരിക്കാന്‍ വിമ്മിഷ്ടം കാണിക്കുന്നത്. ചില ബാങ്കുകളിലും ഇവ സ്വീകരിക്കാന്‍ മടിക്കുന്നതായി ആക്ഷേപമുണ്ട്.
2006 മുതല്‍ പത്തു രൂപാ നാണയങ്ങള്‍ വിപണിയിലുണ്ടെങ്കിലും ക്രയവിക്രയങ്ങള്‍ക്കു സജീവമായിരുന്നില്ല. 500, 1,000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമയത്താണ് നാണയങ്ങള്‍ വ്യാപകമായി പുറത്തിറങ്ങിയത്. 2,000 രൂപയുടെ കറന്‍സി പ്രിന്റിങ് റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചെന്ന വാര്‍ത്ത പരന്നതോടെ പത്തു രൂപാ നാണയങ്ങളും പിന്‍വലിച്ചേക്കുമെന്ന ആശങ്കയാണ് ഇതു സ്വീകരിക്കാന്‍ ഇടപാടുകാര്‍ മടിക്കുന്നതിനു കാരണം.
നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016 നവംബറില്‍ പുറത്തിറക്കിയ പുതിയ 2,000 രൂപയുടെ കറന്‍സികളും പിന്‍വലിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. ഈ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പണം കൈവശമുള്ളവര്‍. ഒരാഴ്ചയ്ക്കുള്ളില്‍ ബാങ്കുകളെത്തിയ 80 ശതമാനം നോട്ടുകളും 2,000 രൂപയുടേതാണ്.
പത്തു രൂപാ നാണയങ്ങള്‍ അസാധുവാക്കുന്നതായി അഭ്യൂഹം പരന്നതാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരക്കാന്‍ കാരണമായത്. ഇടപാടുകള്‍ക്കു ബാങ്കുകളില്‍ നാണയങ്ങള്‍ ഉപയോഗിക്കാമെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. പത്തു രൂപാ നാണയങ്ങള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ തെളിവു സഹിതം പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലിസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."