മെഡി. കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ ലിഫ്റ്റുകള്‍ തകരാറിലായിട്ട് ഒരു വര്‍ഷം
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ രണ്ടു ലിഫ്റ്റുകള്‍ ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനം നിലച്ചിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. അവശരായ രോഗികളില്‍ പലരും പടികള്‍ കയറി തളരുകയാണ്. ഈ ബ്ലോക്കിലെ നാലു ലിഫ്റ്റുകളില്‍ രണ്ടെണ്ണമാണ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനം നിലച്ചനിലയില്‍ കിടക്കുന്നത്. എന്നാല്‍ ഇതുവരെ ലിഫ്റ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. കാര്‍ഡിയോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളാണ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലുള്ളത്. ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഭൂരിഭാഗം പേരും അവശരാണ്.
മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലുമാകാത്ത രോഗികള്‍ ലിഫ്റ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ പടികള്‍ കയറിപ്പോകുന്നത് പതിവാണ്. ഏഴു നിലകളുള്ള കെട്ടിടത്തില്‍ കാര്‍ഡിയോളജി ഒ.പിയും വാര്‍ഡും ന്യൂറോ വാര്‍ഡും പ്രവര്‍ത്തിക്കുന്നത് രണ്ടാം നിലയിലാണ്. സ്‌ട്രോക്ക് ഐ.സി.യു മൂന്നാം നിലയിലുമാണ്. നെഫ്രോ വിഭാഗം നാലിലും ഗ്യാസ്‌ട്രോ എന്‍ട്രോളജി അഞ്ചാം നിലയിലും പ്രവര്‍ത്തിക്കുമ്പോള്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത് ആറാം നിലയിലാണ്.
ഈ നിലകള്‍ അത്രയും പലതവണ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. സ്‌പെഷാലിറ്റി ചികിത്സകള്‍ക്കായി ദിനംപ്രതി ഇവിടെയെത്തുന്നത് 1500ലധികം രോഗികളാണ്. ബന്ധുക്കളും കൂട്ടിരിപ്പുകാരുമെത്തുമ്പോള്‍ തിരക്ക് വര്‍ധിക്കുന്നു. രണ്ടു ലിഫ്റ്റുകള്‍ പ്രവര്‍ത്തനം നിലച്ചതോടെ മറ്റു രണ്ടു ലിഫ്റ്റുകള്‍ക്ക് മുന്നില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തിരക്കാണ്. ഈ ലിഫ്റ്റില്‍ കടന്നുകൂടണമെങ്കില്‍ മണിക്കൂറോളം രോഗികള്‍ കാത്തുനില്‍ക്കേണ്ടി വരുന്നു. പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകളിലൊന്ന് പണിമുടക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. എച്ച്.എല്‍.എല്ലാണ് ഈ ബ്ലോക്ക് നിര്‍മിച്ചത്. ലിഫ്റ്റുകളുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള ബാധ്യതയും എച്ച്.എല്‍.എല്ലിനാണ്. ഇതിനായി മാസം തോറും ഒരു സംഖ്യ കമ്പനി കൈപ്പറ്റുന്നതായും സൂചനയുണ്ട്.
എന്നാല്‍ ഇവര്‍ യഥാസമയം ലിഫ്റ്റിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ വിമുഖത കാണിക്കുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പുതിയ ലിഫ്റ്റുകള്‍ സ്ഥാപിക്കാന്‍ ഭരണാനുമതി ലഭിച്ചതായി പ്രിന്‍സിപ്പലും സൂപ്രണ്ടും കഴിഞ്ഞ മാര്‍ച്ച് മുതല്‍ പറയുന്നുണ്ടെങ്കിലും വര്‍ഷം തീരാറായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."