ചികിത്സാപ്പിഴവില്‍ കാഴ്ച നഷ്ടപ്പെട്ട സംഭവം; ഐ.എം.എ ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടന
പൊന്നാനി: പൊന്നാനി സ്വദേശിയായ ജബ്ബാറിന്റെ മകന് അബ്ദുറഹിമാന്റെ ചികിത്സ നടത്തി കാഴ്ച നഷ്ടപ്പെടുത്തിയ ഡോക്ടര്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷനല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് ആവശ്യപ്പെട്ടു. പൊന്നാനി കമാന്വളവില് കീക്കാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന് ആറ് വയസുകാരനായ അബ്ദുറഹിമാന്റെ ജീവിതം ഇരുട്ടിലാക്കിയത് ഡോക്ടറുടെ കൈപ്പിഴയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ഒരു പനി വന്നപ്പോള്‍ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചിരുന്ന സര്‍ക്കാര്‍ ഡോക്ടറെ കാണിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ ചിക്കന്‍പോക്സാണെന്നു വിധിയെഴുതി മരുന്നു നല്കി. മരുന്നു കഴിച്ചതിനു പിന്നാലെ കുട്ടിയുടെ ശരീരം പൊള്ളി വ്രണങ്ങള്‍ രൂപപ്പെട്ടു. പതിയെ കാഴ്ചയും ഇല്ലാതായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് ചിക്കന്‍പോക്സ് ഉണ്ടായിരുന്നില്ലെന്നാണു മറുപടി കിട്ടിയതെന്ന് അബ്ദുല്‍ ജബ്ബാര്‍ പറയുന്നു. കുട്ടിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കുടുംബം നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണിപ്പോള്.
ഡോക്ടര്‍ക്കെതിരെ നല്കിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൈക്കിലെത്തിയ സംഘം ഒരുമാസം മുന്‍പ് അബ്ദുല്‍ ജബ്ബാറിനെ മര്‍ദിച്ച് അവശനാക്കിയിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതു സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതു പ്രകാരം സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന് കുട്ടി പാറപ്പുറം, സെക്രട്ടറി മനാഫ് താനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ കബീര്‍ കഴുങ്ങിലപ്പടി, വുമണ്‍സ് വിംഗ് ജില്ലാ പ്രസിഡന്റ് ജെ.എ. ബീന, ജന. സെക്രട്ടറി സി. സൈനബ, താലൂക്ക് പ്രസിഡന്റ് ഐ.ജി ഇല്യാസ്, ജന. സെക്രട്ടറി നൗഷാദ് റഹ്മാന് പൊന്നാനി, അലി പൊന്നാനി എന്നിവര്‍ അബ്ദുറഹിമാനെ വീട്ടില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."