വൃക്കകള്‍ തകരാറിലായി; സുമനസുകളുടെ സഹായം കാത്ത് രണ്ട് യുവാക്കള്‍
പെരിന്തല്‍മണ്ണ: ഇരു വൃക്കകളും തകരാറിലായ സമീപവാസികളായ രണ്ട് യുവാക്കളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഒരു നാടൊന്നാകെ കൈകോര്‍ക്കുന്നു. ഏലംകുളം പഞ്ചായത്ത് ആറാം വാര്‍ഡിലെ കുന്നക്കാവ് വടക്കേക്കര പുളിക്കല്‍ അഷ്‌റഫ് (38), ചേലാക്കട പി.ടി ഉണ്ണികൃഷ്ണന്‍ (43) എന്നിവരാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുമനസുകളുടെ കനിവ് തേടുന്നത്. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തിലാണിപ്പോള്‍ ഡയാലിസിസ് ഉള്‍പ്പെടെയായി ജീവിതം തള്ളിനീക്കുന്നത്.
പുളിക്കല്‍ മൊയ്തീന്‍കുട്ടി-ഖദീജ ദമ്പതികളുടെ മകനായ അഷ്‌റഫിന് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. കുറച്ചുകാലം പ്രവാസിയായിരുന്ന അഷ്‌റഫ് ഒന്നര വര്‍ഷം മുന്‍പാണ് രോഗബാധിതനായത്. വൃക്ക ദാനം ചെയ്യാന്‍ ഭാര്യാപിതാവ് സന്നദ്ധനാണ്. പരേതരായ അയ്യപ്പന്‍-സരോജിനി ദമ്പതികളുടെ ഏക മകനാണ് ഉണ്ണികൃഷ്ണന്‍. ഭാര്യയും വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. മൂന്ന് വര്‍ഷത്തോളമായി ഉണ്ണികൃഷ്ണന്‍ വൃക്കരോഗത്തിന് ചികിത്സയിലാണ്. നേരത്തെ ഓട്ടോ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ഇദ്ദേഹത്തിന് രോഗം ബാധിച്ചതോടെ ഒരു ജോലിയും ചെയ്യാനാകാത്ത അവസ്ഥയാണ്. ഭാര്യ സുധയാണ് ഉണ്ണികൃഷ്ണന് വൃക്ക പകുത്തുനല്‍കുന്നത്.
ഇരുവര്‍ക്കും വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. അഷ്‌റഫും ഉണ്ണികൃഷ്ണനും രോഗബാധിതരായതോടെ രണ്ട് കുടുംബങ്ങളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. ഏറെ പ്രയാസപ്പെട്ടാണ് നിത്യജീവിതം മുന്നോട്ട് പോകുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും അനന്തര ചെലവുകള്‍ക്കുമായി 35 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ മത സാംസ്‌കാരിക സംഘടന പ്രതിനിധികകളുമടങ്ങുന്ന വിപുലമായ ചികിത്സ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
കെ.പി പുരുഷോത്തമന്‍ നമ്പൂതിരി ചെയര്‍മാനും അഡ്വ. ടി.കെ ശങ്കരന്‍ ജനറല്‍ കണ്‍വീനറും പി. ഫൈസല്‍ ട്രഷററുമായാണ് ചികിത്സാ സഹായ സമിതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏലംകുളം ശാഖയില്‍ ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അഷ്‌റഫ്-ഉണ്ണികൃഷ്ണന്‍ ചികിത്സ സഹായ സമിതിയുടെ പേരില്‍ 38109357957 എന്ന നമ്പറിലാണ് അക്കൗണ്ട്. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എന്‍ 0071127. ഫോണ്‍: 94479 39490, 97473 15402.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."