12 കടകള്‍ കുത്തിത്തുറന്നു
തിരൂര്‍: ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തു തിരൂര്‍ മേഖലയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. തിരുനാവായയിലെയും ചമ്രവട്ടത്തെയും മോഷണങ്ങള്‍ക്കു പിന്നാലെ തിരൂര്‍ പയ്യനങ്ങാടി, വൈലത്തൂര്‍ മേഖലകളിലെ 12 കടകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഇതടക്കം തിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്കിടയില്‍ 24 കടകളിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനും നാലിനുമിടയിലാണ് തിരൂര്‍ കോട്ടക്കല്‍ റോഡിലെ പയ്യനങ്ങാടി, വൈലത്തൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ മോഷണം നടന്നത്. ചമ്രവട്ടത്തും തിരുനാവായയിലും ബൈക്കിലെത്തിയാണ് മോഷണം നടത്തിയതെങ്കില്‍ പയ്യനങ്ങാടി, വൈലത്തൂര്‍ പ്രദേശങ്ങളില്‍ മോഷ്ടാക്കളെത്തിയതു കാറിലാണ്. മൂന്നു പേരാണ് കവര്‍ച്ചാ സംഘത്തിലുള്ളത്. കാര്‍ കടയ്ക്കു സമീപം നിര്‍ത്തി രണ്ടു പേര്‍ ഇറങ്ങി പൂട്ടുപൊളിക്കുന്നതും മേശകള്‍ പരിശോധിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
വൈലത്തൂരിലെ തുണിക്കടയുടെ ഗ്ലാസ് അടിച്ചുതകര്‍ത്ത് ഉള്ളില്‍ കയറിയാണ് ഷട്ടറുകള്‍ പൊട്ടിച്ചത്. മോഷണത്തിനു പിന്നില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നു പൊലിസുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ചു രക്ഷപ്പെട്ട തഫ്‌സീര്‍ ദര്‍വേഷാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. കടകളില്‍ കൂടുതല്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാതിരുന്നതിനാലാണ് കാര്യമായ നഷ്ടംസംഭവിക്കാതിരുന്നത്. പയ്യനങ്ങാടി, വൈലത്തൂര്‍ മേഖലകളില്‍നിന്നായി അയ്യായിരം രൂപയില്‍ താഴെ പണമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."