പെന്‍ഷനെവിടെ?
എന്‍.സി ഷെരീഫ്
മഞ്ചേരി: ക്രിസ്മസും പുതുവത്സരവുമടുത്തിട്ടും ക്ഷേമപെന്‍ഷന്‍കാര്‍ക്കു വിതരണം ചെയ്യേണ്ട പണം ഇപ്പോഴും ജില്ലയിലെത്തിയില്ല. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടും ജില്ലയോടു സഹകരണ വകുപ്പ് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നാലു മാസത്തെ ക്ഷേമപെന്‍ഷനുകളുടെ വിതരണമാണ് ജില്ലയില്‍ മുടങ്ങിക്കിടക്കുന്നത്. 119,56,85,400 രൂപയാണ് ജില്ലയിലെ പെന്‍ഷന്‍കാര്‍ക്കു നല്‍കാനായി സഹകരണ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ കൈമാറേണ്ടത്. എന്നാല്‍, ഇതിലേക്ക് ഒരു രൂപപോലും നല്‍കിയിട്ടില്ല. വെള്ളിയാഴ്ച തുക ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നിരാശപ്പെടുത്തി. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യാനുള്ളത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു പെന്‍ഷന്‍ കുടിശ്ശിക വരുത്തുന്നതുമായി ബന്ധപ്പെട്ടു നിരന്തര സമരപരിപാടികള്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ് നേതൃത്വം ഇപ്പോള്‍ മൗനം പാലിക്കുകയാണ്. സഹകരണ ബാങ്കുകള്‍ക്കു പണം കൈമാറാന്‍ വൈകുന്നതോടെ ജില്ലയിലെ 2,68,402 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ മുടങ്ങുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷി, വിധവാ പെന്‍ഷനുകള്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് വിതരണം ചെയ്യേണ്ടത്.
പ്രളയം കഴിഞ്ഞുള്ള പ്രതിസന്ധിയില്‍ നാലു മാസത്തെ പെന്‍ഷന്‍ ഒന്നിച്ചു ലഭിക്കുന്നതു പെന്‍ഷന്‍കാര്‍ക്ക് ഏറെ ആശ്വാസമാകുമെന്നാണ് പെന്‍ഷന്‍ കുടിശ്ശികയെക്കുറിച്ചു സഹകരണ സംഘങ്ങളില്‍നിന്നുള്ള മറുപടി.
പെന്‍ഷന്‍ തുകകൊണ്ടുമാത്രം ജീവിക്കുന്ന നിരവധിയാളുകള്‍ ജില്ലയിലുണ്ട്. തുക കൈയില്‍ കിട്ടാന്‍ വൈകുന്നത് ഇത്തരക്കാര്‍ക്കു വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ പെന്‍ഷന്‍ എത്തിക്കുമെന്ന വാഗ്ദാനം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ മറ്റു ജില്ലകളില്‍ യഥാസമയം പണം സഹകരണ ബാങ്കുകള്‍ക്കു കൈമാറിയപ്പോള്‍ മലപ്പുറത്തെ അവഗണിക്കുകയായിരുന്നു.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ മാത്രമായി 12.20 കോടി രൂപയാണ് ജില്ലയില്‍ വിതരണം ചെയ്യേണ്ടത്. വാര്‍ധക്യ പെന്‍ഷന്‍ 56,33,57,000 രൂപ, ഭിന്നശേഷി പെന്‍ഷന്‍ 12,79,22,200 രൂപ, വിധവാ പെന്‍ഷന്‍ 36,70,90,000 രൂപ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 1,53,14,100 രൂപ എന്നിങ്ങനെയാണ് ഇപ്പോള്‍ വിതരണത്തിനായി ജില്ലയിലെ സഹകരണ ബാങ്കുകളിലേക്ക് ലഭിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."