കാര്‍ഡ് ലഭിക്കാതെ ഒന്നേകാല്‍ ലക്ഷം പേര്‍..!
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍ എന്താ കേരളത്തിലല്ലേയെന്നാണ് ഈ താലുക്കൂകളില്‍ താമസിക്കുന്നവരുടെ ചോദ്യം. കേരളത്തിലെ മറ്റെല്ലാ താലൂക്കുകളിലും റേഷന്‍ കാര്‍ഡ് ലഭിച്ചുകഴിഞ്ഞപ്പോള്‍ ഈ രണ്ടു താലൂക്കുകളിലെയും റേഷന്‍കാര്‍ഡ് അച്ചടിയിലാണത്രെ.
പഴയ കാര്‍ഡില്‍ റേഷന്‍ സാധനങ്ങളുടെ വിതരണ വിവരം എഴുതാന്‍ സ്ഥലമില്ലെന്ന അവസ്ഥയാണു നിലവിലുള്ളത്. 134277 കുടുംബങ്ങള്‍ക്കാണു രണ്ടു താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ളത്.
ഏറെ ക്ഷമയുള്ളതുകൊണ്ടു മാത്രമാണു ജില്ലയിലെ മറ്റു രണ്ടു താലൂക്കുകളില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാറായിട്ടും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ റേഷന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പു തുടരുന്നുതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. സര്‍ക്കാരിന്റെ ഈ നിലപാട് തന്നെയാണ് ഒരു പരിധിവരെ ഈ മേഖലകളില്‍ കന്നഡ സ്‌നേഹം പടര്‍ത്തുന്നതെന്ന പരാതിയും ഉയര്‍ന്നു വന്നിട്ടുണ്ട്. 2013ലാണ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനു വേണ്ടിയുള്ള ഫോട്ടോ എടുത്തത്.
2014 ഡിസംബര്‍ വരെ എഴുതാനുള്ള കോളം മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്ന റേഷന്‍ കാര്‍ഡിലുള്ളത്. കോളം തീര്‍ന്നതിനാല്‍ പുറംചട്ടയിലടക്കം വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ കുറിച്ചിട്ടതിനാല്‍ പലരുടെയും കാര്‍ഡുകള്‍ വികൃതമായിരിക്കുകയാണ്.
കാസര്‍കോട് താലൂക്കില്‍ 81758, മഞ്ചേശ്വരത്ത് 52519 കാര്‍ഡുകളാണു കിട്ടാനുള്ളത്. പുതുതായി വീടു കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്കു പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാനും ഇനിയും ഒരു പാടു കാലം കാത്തിരിക്കേണ്ടി വരും.
റേഷന്‍ കാര്‍ഡിന്റെ പുറംചട്ട അച്ചടിച്ചു കഴിഞ്ഞെന്നും മലയാളത്തിനു പുറമെ ഈ രണ്ടു താലൂക്കുകളിലെ കാര്‍ഡുകളില്‍ കന്നഡ കൂടി അച്ചടിക്കുന്നത് കൊണ്ടാണ് വിതരണം വൈകാന്‍ കാരണമായതെന്നുമാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇതിന്റെ ദുരവസ്ഥ പേറുന്നതു പാവം ഉപഭോക്താക്കളും റേഷന്‍ കടയുടമകളുമാണ്. നിലവിലുള്ള റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ വ്യാപകമായ തെറ്റുകളാണ് ഉണ്ടായിരുന്നത്.
പിന്നീട് ദിവസങ്ങളോളം സപ്ലൈ ഓഫിസ് കയറി ഇറങ്ങിയാണു തെറ്റുകള്‍ തിരുത്തിയത്. അഞ്ചു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൈയില്‍ കിട്ടുന്ന പുതിയ റേഷന്‍ കാര്‍ഡില്‍ എത്ര തെറ്റുകള്‍ ഉണ്ടാവുമെന്നു കണ്ടറിയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."