ക്രിസ്മസ് - പുതുവത്സരം; പാവങ്ങളുടെ ഊട്ടിയും അണിഞ്ഞൊരുങ്ങുകയാണ്
നെന്മാറ: നെല്ലറയുടെ നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും പാവങ്ങളുടെ ഊട്ടിയുമെന്നറിയപ്പെടുന്ന നെല്ലിയമ്പതി ക്രിസ്മസ് - പുതുവത്സരക്കാലത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ്. അതിര്‍ത്തി ചുരം കടന്നെത്തുന്ന തമിഴ്മണമുള്ള കാറ്റില്‍ പുളകിതമായ സഹ്യന്റെ മടിത്തട്ടിലെ ജൈവവിധ്യം കൊണ്ടനുഗ്രഹീതമായ നെല്ലിയാമ്പതിയിലെ നയന മനോഹരമായ കാഴ്ചകളാല്‍ സന്ദര്‍ശകരില്‍ എക്കാലത്തും നവ്യാനുഭൂതിയാണുണര്‍ത്തുന്നത്. പാവങ്ങളുടെ ഊട്ടിയും വിനോദസഞ്ചാരികളുടെ പറുദീസയുമായ നെല്ലിയാമ്പതിയിലേക്ക് ക്രിസ്മസ് പുതുവത്സരക്കാലത്ത് സന്ദര്‍ശകരുടെ ഒഴുക്കാണ്. അടുത്തിടെയുണ്ടായ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. മകരമാസത്തിന്റെ തണുപ്പുള്ള ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ നെല്ലിയാമ്പതിയിലെ മലനിരങ്ങളുടെ കാഴ്ചകാണാനെത്തുന്നവരുടെ തിരക്ക് ഗണ്യമാണ്. നെല്ലറയിലെ കരിമ്പനക്കാറ്റിന്റെ ശക്തി കുറയുന്നതും മകരമാസത്തില്‍ മഞ്ഞിന്റെ കുളിരു കൂടുന്നതും സഞ്ചാരികള്‍ക്ക് ഏറെ സന്തോഷകരമാണ്. പ്രളയകാലത്ത് തകര്‍ന്നടിഞ്ഞ് നെല്ലിയാമ്പതിക്കാരുടെ സ്വപ്നങ്ങള്‍ മാസങ്ങള്‍ക്കു ശേഷം ചിറകു വിരിച്ചിരിക്കുകയാണ്. ചാഞ്ഞും ചെരിഞ്ഞും കിടക്കുന്ന നെല്ലിയാമ്പതി മലനിരകളുടം വനമേഖലകളും കാഴ്ചകളുടെയും ഫാമുകളുടെ ഫ്രൂട്ട്‌സുകളുടെയുമൊക്കെ മനോഹാരിത ആരെയും വീണ്ടും വീണ്ടും പാവങ്ങളുടെ ഊട്ടിയിലെത്തിക്കും. പ്രളയകാലത്തെ ദുരന്തദിനങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ മറന്ന് വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കിയും അലങ്കാര വിളക്കുകള്‍ തെളിയിച്ചും ക്രിസ്മസ് പുതുവത്സരക്കാലത്തെ വരവേല്‍ക്കുകയാണ് നെല്ലിയാമ്പതിയിലെ കുടുംബങ്ങള്‍. ജില്ലയിലെ സമശീതോഷ്ണമായ കാലാവസ്ഥയാണ് നെല്ലിയാമ്പതിയിലേക്ക് സന്ദര്‍ശകര്‍ എത്താനുള്ള മറ്റൊരു കാരണമായി പറയുന്നത്. പോത്തുണ്ടി ഡാമിലെ കാഴ്ചകള്‍, കേശവന്‍പാറ, കാരപ്പാറ തൂക്കുപാലം, നൂറടി, കാരപിറ വെള്ളച്ചാട്ടം, സീതാര്‍കുണ്ട്, വ്യൂ പോയിന്റ്, സര്‍ക്കാര്‍ ഓറഞ്ച് ഫാം എന്നിവയൊക്കെ സന്ദര്‍ശകരില്‍ ഏറെ ആസ്വാദനമുണര്‍ത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജൈവവൈവിധ്യം കൊണ്ടനുഗ്രഹീതമായ നെല്ലിയാമ്പതിയില്‍ മഴപെയ്യുമ്പോഴുള്ള കൊച്ചുവെള്ളച്ചാട്ടങ്ങളും നയനമനോഹരമായ കാഴ്ചയാണ്. നെല്ലിമലയില്‍ വെള്ളി കൊലുസണിഞ്ഞ പോലെ വെള്ളച്ചാട്ടങ്ങളും കുണ്ടറച്ചോലയും സീതാര്‍കുണ്ട്, കാരപ്പാറ വെള്ളച്ചാട്ടവുമൊക്കെ സന്ദര്‍ശകരെ വീണ്ടും വീണ്ടും പാവങ്ങളുടെ ഊട്ടിയിലേക്ക് മാടിവിളിക്കുകയാണ്. വഴി മധ്യേ വാഹനത്തിനു മുന്നില്‍ ഭക്ഷണത്തിനു കൈനീട്ടുന്ന സിംഹവാലന്‍ കുരങ്ങും നെല്ലിയാമ്പതിയിലെ മറ്റൊരു കാഴ്ചയാണ്. ജില്ലയില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെങ്കിലും ക്രിസ്മസ് - പുതുവത്സരക്കാലത്ത് പാവങ്ങളുടെ ഊട്ടിയിലെത്തുന്ന സന്ദര്‍ശകര്‍ ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."