മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സ്‌ഫോടകവസ്തുക്കള്‍ മൂന്നു മുതല്‍ നിറച്ചു തുടങ്ങും, ബുധനാഴ്ച മുതല്‍ സമീപവാസികളുടെ അനിശ്ചിതകാല നിരാഹാരസമരം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി മൂന്നാം തിയതിമുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളിലായിരിക്കും സ്‌ഫോടകവസ്തുക്കള്‍ മൂന്നിന് നിറയ്ക്കുക.
അങ്കമാലിയിലെ മഞ്ഞപ്രയില്‍ കനത്ത സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ മൂന്നിന് രാവിലെ ആറിന് ഫ്‌ളാറ്റുകളിലെത്തിക്കും. തുടര്‍ന്ന് എട്ട് മണിയോടെ ഫ്‌ളാറ്റുകളിലെ വിവിധ നിലകളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങുക.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ പെളിക്കാന്‍ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക. ആറാം തിയതിയായിരിക്കും ആല്‍ഫാസെറീന്‍ ഇരട്ട സമുച്ചയത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക. ഹോളി ഫെയിത്ത്, ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് 150 കിലോ സ്‌ഫോടക വസ്തുക്കളും ആല്‍ഫ സെറീനിലെ രണ്ട് ടവറുകള്‍ക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് അങ്കമാലി മഞ്ഞപ്രയില്‍ എത്തിച്ചിരിക്കുന്നത്. എമല്‍ഷന്‍ എക്‌സ്‌പ്ലോസിവ് വിഭാഗത്തില്‍പ്പെട്ട വസ്തുക്കളാണ് ഇവ.
അതീവ സുരക്ഷ നല്‍കി സ്‌ഫോടക വസ്തുക്കള്‍ പ്രത്യേകം തയ്യാറാക്കിയ രണ്ട് വാനുകളിലായാണ് മരടില്‍ എത്തിക്കുക. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫാടനത്തിലൂടെ കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കുന്നത്. അതേസമയം ഇന്നലെയും സബ്കലക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പരിസരവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും പ്രകമ്പനത്തിന്റെ തോത് കുറവായിരിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
അതേ സമയം തങ്ങളുടെ വീടുകളുടെ സുരക്ഷയുടെ കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപത്തുള്ള കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തും. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്നാണിത്. ഇതിനായുള്ള സമരപന്തലും ആല്‍ഫസെറീന്‍ ഫ്‌ളാറ്റിന്റെ സമീപം ഒരുങ്ങിക്കഴിഞ്ഞു. സമീപവാസികള്‍ നെട്ടൂര്‍ പാലത്തില്‍ നിന്നും ജാഥയായെത്തിയായിരിക്കും സമരത്തിന് തുടക്കം കുറിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."