ഫ്‌ളാറ്റുകളിലെ അനധികൃത താമസം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നികുതി നഷ്ടമാകുന്നു
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച ഫ്‌ളാറ്റുകളിലെ അനധികൃത താമസം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നികുതി ഇനത്തില്‍ വന്‍ തുക നഷ്ടമാകുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട കംപ്ലീഷന്‍ സര്‍ട്ടിഫിറ്റ് ലഭിക്കാതെ ഡോര്‍ നമ്പര്‍ പോലും നല്‍കാത്ത ഫ്‌ളാറ്റുകളാണ് ഉടമകള്‍ അനധികൃതമായ താമസക്കാര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കോര്‍പറേഷന്‍ റവന്യൂ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ അനധികൃതമായി കൈമാറിയ ഫ്‌ളാറ്റുകള്‍ കണ്ടെത്തിയിരുന്നു.
കോഴിക്കോട് നഗരത്തില്‍ അഞ്ചു വര്‍ഷമായി നികുതി വെട്ടിച്ച് ഇത്തരത്തില്‍ കൈമാറ്റം നടത്തിയ ഫ്‌ളാറ്റുകളില്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അന്‍പതും അതിന് മുകളിലും ഫ്‌ളാറ്റുകളുള്ള സമുച്ചയത്തില്‍ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് ഉടമകള്‍ നിയമ ലംഘനം നടത്തുന്നത്. ഡോര്‍ നമ്പര്‍ ലഭിക്കുന്നതിന് മുന്‍പ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത് സുരക്ഷാ പ്രശ്‌നത്തിനും ഇടയാക്കുന്നുണ്ട്. ഏതെങ്കിലും രീതിയിലുള്ള അപകടം സംഭവിച്ചാല്‍ നിയമപരമായി യാതൊരു ആനുകൂല്യവും താമസക്കാരായ കുടുംബങ്ങള്‍ക്ക് ലഭിക്കില്ല.
ഇതെല്ലാം അറിഞ്ഞ് കൊണ്ടുതന്നെ ഫ്‌ളാറ്റ് വാങ്ങിക്കുന്നവരും അറിയാതെ ഇടപാട് നടത്തുന്നവരും ഭാവിയില്‍ കെണിയില്‍പ്പെടും. കെട്ടിടവുമായി ബന്ധപ്പെട്ട അനുമതികളും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചില്ലെങ്കിലും മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റുമെന്ന പേരില്‍ താമസക്കാരില്‍നിന്ന് 1000 മുതല്‍ 2000 രൂപ വരെ അനധികൃതമായി ഉടമകള്‍ ഈടാക്കുന്ന ഫ്‌ളാറ്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കാര്യക്ഷമമായ പരിശോധനകളുടെ അഭാവം മനസ്സിലാക്കിയും ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയും നിയമ ലംഘനം തുടരാനാണ് ഉടമകള്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."