അടിവാരം അപകടം: പൊലിഞ്ഞത് രണ്ടു പൊന്നോമനകള്‍; ഹൃദയം തകര്‍ന്ന് മജീദ്
കൊടുവള്ളി: ഭാര്യയെയും മൂന്നു കുട്ടികളെയും ബന്ധുക്കളുടെ കൂടെ വയനാട്ടിലേക്ക് യാത്രയാക്കിയ വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ അബ്ദുല്‍ മജീദ് അതു തന്റെ രണ്ടു പിഞ്ചോമനകളുടെ തിരിച്ചുവരാത്ത വിടപറയലാണെന്ന് കരുതിയിരുന്നില്ല. വയനാട് വടുവന്‍ചാലിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരവെ അടിവാരം എലിക്കാട് ദേശീയപാതയില്‍ സ്വകാര്യബസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില്‍ അബ്ദുല്‍ മജീദിന് നഷ്ടമായത് രണ്ടു മക്കളെയാണ്. ഒന്നര വയസുകാരി ജസ അപകട ദിവസമായ ശനിയാഴ്ച തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കുപറ്റിയ രണ്ടാമത്തെ മകള്‍ ആയിശ നൂഹ (7) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെ വിടചൊല്ലി.
ശനിയാഴ്ച അപകടവിവരം അറിഞ്ഞയുടന്‍ അബ്ദുല്‍ മജീദ് മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിയിരുന്നു. ഭാര്യാ പിതാവ് കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുറഹ്മാന്‍ (63), ഭാര്യ സുബൈദ (58), മകന്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാല്‍ (8) ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ പുളിമൂട്ടില്‍ പ്രമോദ് (38) എന്നിവര്‍ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീടാണ് അബ്ദുല്‍ മജീദിന്റെ ഇളയമകള്‍ ജസയും ഭാര്യാ സഹോദരിയുടെ മകള്‍ ഫാത്തിമ ഹന (6) യും മരിച്ചതായി സ്ഥിരീകരണം വന്നത്.
അബ്ദുല്‍ മജീദിന്റെ ചികിത്സയിലായിരുന്ന രണ്ടാമത്തെ മകള്‍ ആയിശ നൂഹയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിയവെ അവളുടെ ചേതനയറ്റുവെന്ന വാര്‍ത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നീലേശ്വരം അയഞ്ചേറ്റുമുക്ക് ബേസിക് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് നൂഹ. അബ്ദുല്‍ മജീദിന്റെ ഭാര്യ സഫീന, മൂത്ത മകള്‍ ഖദീജ നിയ (10) എന്നിവര്‍ പരുക്കുകളോടെ ചികിത്സയിലാണ്. രണ്ടു മക്കളെ നഷ്ടമായ ടൈല്‍സ് തൊഴിലാളിയായ അബ്ദുല്‍ മജീദിനെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് വാക്കുകളുണ്ടായിരുന്നില്ല. ആയിശ നൂഹയുടെ മയ്യിത്ത് ഞായറാഴ്ച രാത്രി ഏഴോടെ നിസ്‌കാരത്തിനുശേഷം വെണ്ണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."