രണ്ട് ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ആലപ്പുഴ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംയുക്തമായി ആലപ്പുഴ റയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ രണ്ട് ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആസാം സ്വദേശി ഇഡ്‌റിഷ് അലി മകന്‍ ഫുര്‍കാന്‍ അലി (30) എന്നയാള്‍ക്കെതിരേ കോട്പ നിയമപ്രകാരം കേസെടുത്തു.
ക്രിസ്തുമസ്-ന്യൂ ഇയര്‍ പ്രമാണിച്ച് ദീര്‍ഘദൂര ട്രെയിനുകള്‍ വഴി ലഹരി വസ്തുക്കള്‍ എത്തുന്നതായി രഹസ്യവിവരമുണ്ടായിരുന്നു. ദീര്‍ഘദൂര ട്രെയിനുകളായ ബംഗളൂരു-കൊച്ചുവേളി, ധന്‍ബാദ് തുടങ്ങിയ ട്രെയിനുകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ അടങ്ങുന്ന സംഘം ലഹരിക്കടത്ത് നടത്തുന്നു എന്നായിരുന്നു വിവരം. തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ എക്‌സൈസും ആര്‍.പി.എഫും സംയുക്ത പരിശോധന നടത്തിയത്.
പരിശോധനയില്‍ സ്വാഗത് ഗോള്‍ഡ് റ്റുബാക്കോ, സൈക്കിള്‍ ബ്രാന്‍ഡ് ഖൈനി, വി വണ്‍ റ്റുബാക്കോ, ഡബിള്‍ ബ്ലാക്ക്, വിമല്‍ പാന്‍ മസാല, കൂള്‍ ലിപ്, ശിക്കാര്‍, മിനാജി, എസ്സ്.എസ്സ്. വണ്‍, തമ്പാക്ക് എന്നീ പേരുകളില്‍ വിവിധ അളവുകളിലും പാക്കറ്റുകളിലുമുള്ള 10,000 പാക്കറ്റോളം പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
ആകെ 80 കിലോയോളം തൂക്കം വരുന്ന ഇവ രണ്ട് വലിയ എയര്‍ ബാഗുകളിലായാണ് കടത്തിക്കൊണ്ടുവന്നത്. ആലപ്പുഴ ജില്ലകളിലും സമീപ ജില്ലകളിലും വില്‍പ്പനയ്ക്കായി എത്തിച്ചതാണ് പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍. ബംഗളൂരുവില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മൊത്ത വിതരണക്കാര്‍ക്ക് എത്തിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ്.
പെരുമ്പാവൂര്‍, ആലുവ, അരൂര്‍ ഭാഗങ്ങളിലെ അന്യ സംസ്ഥാന ക്യാമ്പുകള്‍ തുടര്‍ പരിശോധന നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ട്, ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ സി.എന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വി.ആര്‍ രവീന്ദ്രന്‍, കുരുവിള മാത്യൂ, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ എ.കുഞ്ഞുമോന്‍, ജി. അലക്‌സാണ്ടര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.വി അശോകന്‍, ആര്‍. രവികുമാര്‍, വി.എ അഭിലാഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ധനലക്ഷ്മി, ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ടി.എസ് അനില്‍കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ ഓസ്ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ ട്രെയിനുകളില്‍ പരിശോധനയുണ്ടാകുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."