റോഡിന് 'കാലാവധി' ആറുമാസം മാത്രം
തളിപ്പറമ്പ്: നിര്‍മാണം കഴിഞ്ഞ് ആറുമാസത്തിനകം റോഡ് തകര്‍ന്നതില്‍ പ്രതിഷേധം ശക്തം. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ചുടല-തിരുവട്ടൂര്‍ റോഡാണ് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനകം തകര്‍ന്നത്. റോഡിലെ കലുങ്ക് താഴ്ന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഏറെ നാളുകളുടെ മുറവിളിക്കുശേഷമാണ് ചുടല-തിരുവട്ടൂര്‍ റോഡ് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡിന്റെ തകര്‍ച്ചക്ക് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാച്ചേനിയില്‍ വയലിന് നടുവിലൂടെ കടന്നുപോകുന്ന റോഡിന് കുറുകെ ചാലുകീറി കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ചാണ് ടാറിങ് നടത്തിയത്. പ്രവൃത്തി നടക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ അപാകത ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും കരാറുകാര്‍ ഇത് ഗൗരവത്തിലെടുത്തില്ല. ഈ ഭാഗത്തുകൂടി ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയതോടെ പൈപ്പ് മണ്ണിലേക്ക് താഴ്ന്ന് റോഡില്‍ വലിയ ചാല് രൂപപ്പെട്ടിരിക്കുകയാണ്. ഇത് അറിയാതെ ഇതുവഴി വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കൂടാതെ ഇതിന് സമീപത്തായി മേനച്ചൂര് ഇറക്കത്തില്‍ നിര്‍മിച്ച കലുങ്കിന്റെ മുകള്‍ഭാഗത്തെ റോഡ് തകര്‍ന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."