ലോകം ചുറ്റല്‍ ഇവര്‍ക്ക് പ്രിയം: ക്രിസും സാറയും സൈക്കിള്‍ ചവിട്ടി വയനാട്ടിലെത്തി
കല്‍പ്പറ്റ: സൈക്കിളില്‍ സഞ്ചരിച്ചും ഉലകം ചുറ്റാമെന്ന് തെളിയിക്കുകയാണ് ജര്‍മനിയിലില്‍ നിന്നുള്ള ക്രിസ്റ്റ്യന്‍ വോള്‍ഫും(ക്രിസ്) കൂട്ടുകാരിയും നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം നിവാസിയുമായ സാറ മേലീഫ്‌ലേനും.
വിലയ്ക്കുവാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിളുകളില്‍ ലോകം കാണാനിറങ്ങിയ ഇവര്‍ 20,000ല്‍പ്പരം കീലോമീറ്ററുകള്‍ ചവിട്ടി വയനാട്ടിലുമെത്തി. ജില്ലാ സൈക്ലിങ് അസോസിയേഷന്റെ അഭ്യര്‍ഥന മാനിച്ച് രണ്ട്ദിവസം വയനാട്ടില്‍ തങ്ങിയ ക്രിസും സാറയും കഴിഞ്ഞ ദിവസം രാവിലെ ചുണ്ടേല്‍ എച്ച്.എം.എല്‍ ഗ്രൗണ്ടില്‍ നടന്ന മൗണ്ടന്‍ സൈക്ലിങ് ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സിനും സാക്ഷികളായി.
ട്രയല്‍സിനെത്തിയ കുട്ടികള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടിയും അനുഭവപാഠങ്ങള്‍ പകര്‍ന്നും രണ്ടുമണിക്കൂറോളം അവര്‍ ചെലവഴിച്ചു. നേപ്പാളാണ് മാനന്തവാടി വഴി കര്‍ണാടകയിലേക്ക് യാത്രതിരിച്ച ക്രിസിന്റെയും സാറയുടെയും അടുത്ത ലക്ഷ്യം. കെമിസ്ട്രിയിലും ഇക്കണോമിക്‌സിലും ബിരുദമുള്ള 28കാരനായ ക്രിസ് സൗരോര്‍ജ ഗവേഷകനുമാണ്. 30 വയസാണ് സാറയ്ക്ക്. ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദമുള്ള ഇവര്‍ മാധ്യമപ്രവര്‍ത്തകയും കഥാകൃത്തുമാണ്. 2015 ഏപ്രിലില്‍ ജര്‍മനിയിലെ ഫീബര്‍ഗില്‍നിന്നു തുടങ്ങിയതാണ് ക്രിസിന്റെ യാത്ര. സൈക്കിളില്‍ ചൈന കണ്ടുമടങ്ങിയ നാട്ടുകാരനാണ് ക്രിസിനു പ്രചോദനമായത്. അവസരം ഒത്തുവന്നപ്പോള്‍ 300 യൂറോയ്ക്ക് പഴയ സൈക്കിള്‍ സംഘടിപ്പിച്ച് പര്യടനം തുടങ്ങുകയായിരുന്നു.
ഗ്രീസിലെ ഏതന്‍സിലെത്തിയ ക്രിസ് സാറയുമായി ചങ്ങാത്തത്തിലാകുകയും പിന്നീട് ഒന്നിച്ച് യാത്ര തുടരുകയുമായിരുന്നു. വിവിധ രാജ്യങ്ങള്‍ പിന്നിട്ട് ശ്രീലങ്ക വഴി രണ്ട്മാസം മുന്‍പാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ജൂണ്‍ മൂന്നിനു ചെന്നൈയിലായിരുന്നു ഭാരതപര്യടനത്തിനു ആരംഭം. ഒക്‌ടോബര്‍ പത്തോടെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നേപ്പാളിലെത്തണമെന്ന കണക്കൂകൂട്ടലിലാണ് സഞ്ചാരികള്‍.
ആരോഗ്യം, മൃഗസംരംക്ഷണം, പരിസ്ഥിതി, സോളാര്‍ എനര്‍ജി, കൃഷി തുടങ്ങിയ മേഖകളില്‍ സേവനം ചെയ്തുമാണ് ക്രിസിന്റെയും സാറയുടെയും യാത്ര. വിവിധ ഭൂഖണ്ഡങ്ങളിലുള്ള രാജ്യങ്ങള്‍ കാണുകയും മനുഷ്യരുടെ ജീവിതരീതികളും സംസ്‌കാരവും സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ മനസിലാക്കുകയുമാണ് യാത്രാ ലക്ഷ്യമെന്ന് ക്രിസും സാറയും പറഞ്ഞു.
ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഇണങ്ങുന്നതുമാണ് സൈക്കിളിലുള്ള യാത്രയെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. അനാവശ്യ ചെലവുകള്‍ അപ്പാടെ ഒഴിവാക്കിയാണ് യാത്ര.
സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പല ദിവസങ്ങളിലും അന്തിയുറക്കം. ഇക്കാര്യത്തില്‍ ഓരോ ദേശങ്ങളിലെയും സൈക്ലിങ് അസോസിയേഷനുകളുടെ സഹായം ലഭിക്കുന്നുണ്ട്. ദൈനംദിന ചെലവ് 400 രൂപ കവിയാത്ത വിധത്തിലാണ് യാത്രയുടെ ക്രമീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."