ഗവര്‍ണറുടെ രാഷ്ട്രീയ ജല്ലിക്കട്ട്
എണ്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനം കലുഷിതവും സംഘട്ടനാത്മകവുമാക്കി അലങ്കോലപ്പെടുത്തി. ഉദ്ഘാടന അതിഥിയായി എത്തിയ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് മുന്‍ പ്രാസംഗികര്‍ക്ക് രാഷ്ട്രീയ മറുപടി പറഞ്ഞ് എഴുതി തയാറാക്കിയ പ്രസംഗം കോണ്‍ഗ്രസില്‍ വായിക്കാതെ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ - നിര്‍വഹണ അധികാരിയായ തന്നെ ആക്രമിച്ചെന്നു വിശദീകരിച്ച് ക്രമസമാധാന- ഭരണഘടനാ തകര്‍ച്ചയുടെ ഒരു കുറ്റപത്രം റിപ്പോര്‍ട്ടായി കേന്ദ്രത്തിന് നല്‍കുമെന്ന ഭീഷണിയാണ് ഗവര്‍ണര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി, പൊലിസ് മേധാവി, ഇന്റലിജന്റ്‌സ് മേധാവികള്‍ തുടങ്ങി നിരവധിപേരെ ഇതിനായി രാജ്ഭവനില്‍ വിളിച്ച് ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഗവര്‍ണര്‍ തന്നെയും തന്റെ എ.ഡി.സിയെയും ആക്രമിക്കാന്‍ ശ്രമിച്ചത് 98 വയസുള്ള, ലോകം ആദരിക്കുന്ന, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. ചരിത്ര കോണ്‍ഗ്രസിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റുകൂടിയായ ഇര്‍ഫാന്‍ വേദിയില്‍ വന്നതും സംസാരിച്ചതുപോലും ചട്ടലംഘനമായി ആരോപിക്കുന്നു. അലിഗഡ് വിദ്യാര്‍ഥിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ആ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറും ഇപ്പോള്‍ എമിറേറ്റായി തുടരുന്ന ഇര്‍ഫാനെ സ്വേച്ഛാധിപതിയെന്നും തനിക്കെതിരേ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാര്‍ഥിയെ പിന്താങ്ങിയ ആളെന്നും ഗവര്‍ണര്‍ പദവിയിലിരുന്ന് അവഹേളിക്കുക പോലും ചെയ്തു.
ഇര്‍ഫാന്‍ ഹബീബിനെയോ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിനു മുമ്പെ ചരിത്ര പ്രൊഫസറും എമിറേറ്റുമായിരുന്ന പിതാവ് മുഹമ്മദ് ഹബീബിനെയോ അവരുടെ ചരിത്രമോ അറിയാത്ത ആളല്ല ആരിഫ് മുഹമ്മദ് ഖാന്‍. വിശേഷിച്ചും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധിജിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനുമൊപ്പം പ്രവര്‍ത്തിച്ച, 1967ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വി.വി ഗിരിക്കെതിരേ തോല്‍ക്കുമെന്ന് സ്വയം പ്രഖ്യാപിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 29 ശതമാനം വോട്ടുനേടിയ മുഹമ്മദ് ഹബീബിനെ. ഓക്‌സ്ഫഡില്‍ പഠിച്ച് അലിഗഡ് സര്‍വകലാശാലയില്‍ 1969 മുതല്‍ 91 വരെ ചരിത്ര പ്രൊഫസറായ, ഇപ്പോഴും പ്രൊഫസര്‍ എമിറേറ്റ്‌സ് ആയി അവിടെ തുടരുന്ന ബ്രിട്ടിഷ് റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഇര്‍ഫാന്‍ ഹബീബ്. പുരാതന ഇന്ത്യയുടെയും ഇന്ത്യന്‍ സാങ്കേതിക വിദ്യകളുടെയും ചരിത്രത്തെപ്പറ്റിയും മധ്യകാലഘട്ടത്തിലെ ഭരണപരവും സാമ്പത്തികവുമായ ചരിത്രത്തെക്കുറിച്ചും കോളനി വാഴ്ച ഇന്ത്യയിലേല്‍പിച്ച പ്രത്യാഘാതത്തെക്കുറിച്ചും മറ്റും അമൂല്യമായ ചരിത്ര ഗവേഷണങ്ങള്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം.
മറ്റേത് ഇന്ത്യക്കാരനെയും പോലെ ഇര്‍ഫാന്‍ ഹബീബിനെ 2004വരെ ആദരിച്ചിരുന്ന പൂര്‍വ വിദ്യാര്‍ഥിയും രാഷ്ട്രീയ നേതാവുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാന് ഇര്‍ഫാന്‍ കൊടും രാഷ്ട്രീയ ശത്രുവായത്. അമിയ കുമാര്‍ ബാഗ്ചി വിലയിരുത്തും പോലെ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ രണ്ട് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരില്‍ ഒരാളും 12-18 നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ ചരിത്രരചന നടത്തിയ ഏറ്റവും വലിയ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനുമാണ് ഇര്‍ഫാന്‍ ഹബീബ് എന്നതാണ് ഖാന്റെ വിരോധത്തിനു കാരണം.
നെഹ്‌റുയിസവും കമ്മ്യൂണിസവും ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധമായ ബി.ജെ.പി രാഷ്ട്രീയത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാന്‍ അന്നു കളംമാറി ചവിട്ടി. യു.പിയിലെ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രമുഖനായ സോഷ്യലിസ്റ്റ് നേതാവ് ബേണി പ്രസാദ് വര്‍മയോട് മത്സരിച്ച് പരാജയപ്പെട്ടു. ബി.ജെ.പിയില്‍നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ 2007ല്‍ രാജിവെക്കുകയും സജീവ രാഷ്ട്രീയംതന്നെ ഉപേക്ഷിക്കുകയും ചെയ്തു. 26-ാം വയസില്‍ പാര്‍ലമെന്റേറിയനായ തനിക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്നതാണ് അദ്ദേഹത്തിന്റെ ഒരു വാദം. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് ന്യായീകരിക്കുകയും ചെയ്തു.
ഗവര്‍ണര്‍ പറയുന്നത് അര്‍ധസത്യമാണെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. യു.പി നിയമസഭയിലേക്ക് ചരണ്‍സിങിന്റെ ബി.കെ.ഡി പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1975ല്‍ ഖാന്‍ മത്സരിച്ചു തോറ്റതോടെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രവേശനം. 77ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയിച്ചു. 80-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.കെ.ഡി വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാന്‍പൂരില്‍നിന്ന് ലോക്‌സഭയിലെത്തി. 86ല്‍ കോണ്‍ഗ്രസ് വിട്ടു. 89ല്‍ വി.പി സിങ് മന്ത്രിസഭയില്‍ അംഗമായി. 98ല്‍ ദള്‍ വിട്ട് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി എം.പിയായി. ഓരോ തവണയും താന്‍ ചേരുന്ന പുതിയ പാര്‍ട്ടിക്കുവേണ്ടി ഉപേക്ഷിച്ചുപോന്ന പാര്‍ട്ടികളെ എതിര്‍ക്കുകയും തന്നെ ന്യായീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഖാന്റേത്. ഗവര്‍ണറായിട്ടും അതാവര്‍ത്തിക്കുന്നു. പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തെ പ്രതിരോധിക്കേണ്ടത് ബാധ്യതയാണെന്നു പറയുന്ന ആരിഫ് ഖാന്‍ പാര്‍ലമെന്റ് പാസാക്കിയ മുസ്‌ലിം പെഴ്‌സണല്‍ നിയമത്തെ എതിര്‍ത്താണ് കോണ്‍ഗ്രസ് വിട്ടത്.
നരേന്ദ്രമോദി ഈ വര്‍ഷം മുത്വലാഖ് നിയമം കൊണ്ടുവന്നതോടെ രാഷ്ട്രീയത്തില്‍നിന്നു പുറത്തുപോയിരുന്ന ഖാന്‍ അതിനെ ന്യായീകരിക്കാന്‍ തുടങ്ങി. സെപ്റ്റംബറില്‍ നരേന്ദ്രമോദി ഖാനുമായി നിരന്തര ചര്‍ച്ചനടത്തി. ജസ്റ്റിസ് സദാശിവത്തിന്റെ തുടര്‍ച്ചക്കാരനായി കേരളത്തിലേക്ക് നിയോഗിച്ചു. ജമ്മു-കശ്മിര്‍ നിയമ ഭേദഗതി, പൗരത്വ ഭേദഗതി തുടങ്ങിയ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരായ പ്രക്ഷോഭത്തെ നേരിടാനുള്ള നരേന്ദ്ര മോദിയുടെ കേരളത്തിലെ മെഗാഫോണായാണ് ഗവര്‍ണര്‍ പദവി അദ്ദേഹം ഉപയോഗിക്കുന്നത്.
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 15ന് പൊലിസ് അതിക്രമിച്ച് കടന്നതിനെതിരേ ഇര്‍ഫാന്‍ ഹബീബ് നടത്തിയ വിമര്‍ശനം മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി. പാകിസ്താനില്‍ വിഭജനകാലത്തും പിന്നീടും നടന്ന മര്‍ദനങ്ങളുടെയും പീഡനങ്ങളുടെയും അതേ പതിപ്പാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് ഇര്‍ഫാന്‍ കുറ്റപ്പെടുത്തിയത്. ഹിന്ദു, പാഴ്‌സി, ബുദ്ധ, ജയിന്‍, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മുസ്‌ലിംകളെമാത്രം എങ്ങനെ ഒഴിവാക്കുമെന്ന് ഇര്‍ഫാന്‍ ചോദിച്ചു.
എതിര്‍പ്പും പ്രതിഷേധവും അടിച്ചമര്‍ത്തിക്കൊണ്ടുള്ള പദ്ധതി 1937ലെ ഹിന്ദുരാഷ്ട്ര പദ്ധതിയുടെ ഭാഗമാണെന്നും, ജവഹര്‍ലാല്‍ നെഹ്‌റുവിനെപോലുള്ള നേതാക്കളുടെ മാനവികതയിലും ബഹുസ്വരതയിലും ഊന്നിയുള്ള ആധുനിക രാഷ്ട്ര നിര്‍മിതിയെ തകര്‍ക്കുന്നതുമാണെന്ന ഇര്‍ഫാന്റെ നിലപാടാണ് ഗവര്‍ണറുടെ കണ്ണിലെ കരട്. ഇതൊരു ദേശീയ പ്രശ്‌നമാക്കി ഉയര്‍ത്തി പ്രധാനമന്ത്രി മോദിയുടെ പ്രീതി നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.
ഇടതുപക്ഷ - മതനിരപേക്ഷ ശക്തികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുന്‍കൈയുള്ള കേരളത്തില്‍ ഒരു രാഷ്ട്രീയ ജല്ലിക്കട്ടായാണ് ഗവര്‍ണറുടെ രൂപത്തില്‍ മോദി ആരിഫ് മുഹമ്മദ് ഖാനെ ഇറക്കിയിട്ടുള്ളത്. ഗവര്‍ണറുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് കെ. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തില്‍നിന്ന് കോണ്‍ഗ്രസ് ഗവര്‍ണറെ ഒഴിവാക്കി. എന്നിട്ടും കോണ്‍ഗ്രസുകാരെയും പൗരത്വ നിയമപ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്ന എല്ലാവരെയും സംവാദത്തിനു തയാറുണ്ടോയെന്ന് വെല്ലുവിളിക്കുന്ന രാജ്യത്തെ ഏക ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലും കണ്ട മുക്ക്രയിടല്‍ ഇതിന്റെ തുടര്‍ച്ചയാണ്.
അഭിപ്രായപ്രകടന സ്വാതന്ത്ര്യം അവകാശപ്പെടുക, മറ്റുള്ളവര്‍ അത് ഉപയോഗിച്ചാല്‍ അവരെ കുറ്റവാളികളാക്കുക. അതിനുവേണ്ടി സി.സി.ടി.വി ദൃശ്യങ്ങളും ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളും നേരില്‍ കാണിക്കാന്‍ കല്‍പിക്കുക. തനിക്കുമാത്രം രാഷ്ട്രീയ പ്രസംഗം നടത്താന്‍ സര്‍ക്കാരും പൊലിസും സംരക്ഷണം നല്‍കണമെന്നും ഇല്ലെങ്കില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഭയപ്പെടുത്തുക - ഇതാണ് ഗവര്‍ണറുടെ തന്ത്രം.
മൗലാനാ അബുള്‍ കലാം ആസാദിന്റെ (ഗൂഗിള്‍) ഉദ്ധരണിയിലൂടെ ഗവര്‍ണറുടെ ഭരണഘടനാ പദവിയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ 80-ാം ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികളായ പ്രമുഖ ചരിത്രകാരന്മാരെയും അതിഥികളെയും അധിക്ഷേപിക്കുകയാണ് ചെയ്തത്. വിഭജനത്തിലൂടെ പാകിസ്താനിലേക്ക് ഒഴുകിപ്പോയ മാലിന്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അങ്ങിങ്ങായി അവശേഷിച്ച ചളിക്കുണ്ടിലെ കെട്ട മാലിന്യങ്ങളാണ് അവരെന്ന് പരോക്ഷമായി വിശേഷിപ്പിച്ചു. അതു സഹിക്കാനാവാതെയാണ് ശതാഭിഷിക്തനാകുന്ന ഇര്‍ഫാന്‍ ഹബീബ് ഇടപെട്ടത്. താങ്കള്‍ ഗാന്ധിജിക്കും ആസാദിനും പകരം ഗോഡ്‌സെയെ ഉദ്ധരിക്കുന്നതായിരിക്കും നല്ലതെന്ന് പ്രതികരിച്ചത്.
'ചരിത്രം വിവരമുള്ളവര്‍ക്ക് നേരമ്പോക്കോ വിനോദമോ ആണ്. എന്നാല്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് അത് സ്ഥിരീകരണമാണ്' എന്നു പറയാറുണ്ട്. മൗലാനാ അബുള്‍ കലാം ആസാദിന്റെ വിഭജനത്തെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശവും ഇന്ത്യയില്‍ ഇന്ന് നാലുഭാഗത്തുനിന്നും ആക്രമിക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ ചളിക്കുണ്ടിലെറിയുന്നതായി. അബുള്‍ കലാം ആസാദിന്റെ ഏറ്റവും ശ്രദ്ധേയമായ, യഥാര്‍ഥമായ രണ്ട് ഉദ്ധരണികള്‍ ഗവര്‍ണര്‍ ഖാന്‍ തീര്‍ച്ചയായും കാണാതിരിക്കില്ല: ഒന്ന്: വിഭജനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമായിരുന്നു. അത് തടയാന്‍ നാം പരമാവധി ശ്രമിച്ചെങ്കിലും നമ്മള്‍ പരാജയപ്പെട്ടു. എന്നാല്‍ ഒരു കാര്യം നാം വിസ്മരിക്കരുത്. രാജ്യം ഒന്നാണ്. അതിന്റെ സാംസ്‌കാരിക ജീവിതവും ഒന്നായിത്തന്നെ തുടരും. വെള്ളത്തില്‍ നാമൊരു വടി താഴ്ത്തുകയാണെങ്കില്‍ വെള്ളം വിഭജിച്ചതായി തോന്നും. ആ വടി എടുത്തുമാറ്റുന്നതോടെ ജലം പഴയതുപോലെ ആകുകയും വിഭജനം ഇല്ലാതാകുകയും ചെയ്യും.
രണ്ട്: മുസ്‌ലിംകള്‍ അറേബ്യയില്‍നിന്നോ ടര്‍ക്കിസ്താനില്‍നിന്നോ ഇറാനില്‍നിന്നോ അഫ്ഗാനിസ്താനില്‍നിന്നോ എവിടെനിന്ന് ഈ രാജ്യത്ത് വന്നവരായാലും അവര്‍ ഇവിടെ ജീവിച്ചത് വന്നവരെപോലെയല്ല - ശുദ്ധ ഹിന്ദുസ്ഥാനികളായാണ്.
കേന്ദ്ര സര്‍ക്കാരിന് അയക്കുന്ന റിപ്പോര്‍ട്ടുകളില്‍ ആസാദിന്റെ ഈ ഉദ്ധരണികള്‍കൂടി ഗവര്‍ണര്‍ ഉള്‍പ്പെടുത്തുന്നത് സ്വയം രക്ഷയ്ക്കുകൂടി പ്രയോജനകരമായിരിക്കും. പാര്‍ലമെന്റ് പാസാക്കിയാലും ഗവര്‍ണര്‍മാര്‍ പ്രതിരോധിച്ചാലും സുപ്രിംകോടതിതന്നെ അംഗീകരിച്ചാലും ജനങ്ങള്‍ വെറുക്കുന്ന, എതിര്‍ക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കില്ല. അടിയന്തരാവസ്ഥയില്‍ പാര്‍ലമെന്റ് പാസാക്കി സുപ്രിംകോടതി ശരിവച്ച എത്രയെത്ര നിയമങ്ങള്‍ ഇന്ദിരാഗാന്ധിക്കൊപ്പം 1977ലെ തെരഞ്ഞെടുപ്പോടെ കടപുഴകി വീണെന്ന് നേരില്‍കണ്ട ഒരാള്‍ക്ക് ഈ രാഷ്ട്രീയ നിലപാടുമായി എത്രനാള്‍ മുന്നോട്ടുപോകാന്‍ കഴിയും? ആ ഭരണഘടനാ പദവിയോടുള്ള ആദരംവച്ച് ചോദിച്ചുപോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."