വ്യാജ സ്വര്‍ണം വില്‍പന നടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: വ്യാജ സ്വര്‍ണം വില്‍പന നടത്താന്‍ ശ്രമിച്ച രണ്ടുപേരെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി ശത്രു സോളങ്കി (28), കുറ്റ്യാടി സ്വദേശി രാഘവന്‍ (50) എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പരിയാരം സ്വദേശിയായ ഭാസ്‌കരന്‍ എന്നയാളെ രണ്ടാഴ്ച മുന്‍പാണ് പരിചയപ്പെട്ടത്.
ഇതിനു ശേഷം ലോട്ടറി വില്‍പനക്കാരനായ ഭാസ്‌കരനോട് സ്വര്‍ണം ചെറിയ വിലക്ക് നല്‍കാമെന്നും ആവശ്യക്കാരെ കണ്ടെത്തി തന്നാല്‍ കമ്മിഷന്‍ നല്‍കാമെന്നും അറിയിച്ചു. കര്‍ണാടകയിലെ പഴയ ഒരു തറവാട്ട് ക്ഷേത്രത്തിലെ സ്വര്‍ണമാണെന്നാണ് ഇവര്‍ ഭാസ്‌കരനെ വിശ്വസിപ്പിച്ചിരുന്നത്.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭാസ്‌കരന്‍ തളിപ്പറമ്പ് പൊലിസില്‍ വിവരമറിയിക്കുകയും പൊലിസിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം ആവശ്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞയാഴ്ച സാമ്പിള്‍ നല്‍കുകയും ചെയ്തു. ഇതു പരിശോധിച്ചപ്പോള്‍ 24 കാരറ്റ് തനി തങ്കമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നു ഇന്ന് പറശ്ശിനിക്കടവില്‍ സ്വര്‍ണം കൈമാറാമെന്ന് ധാരണയായി. 12 ലക്ഷം രൂപയാണ് ഇവര്‍ സ്വര്‍ണത്തിന് ആവശ്യപ്പെട്ടിരുന്നത്.
വിവരം പൊലിസില്‍ അറിയിച്ചു. ഇന്നു ഉച്ചയോടെ പറശ്ശിനിക്കടവില്‍ ഒരു സുഹൃത്തുമായി എത്തുകയും സ്വര്‍ണം കൈമാറുന്നതിനിടയില്‍ പൊലിസ് ഇവരെ പിടികൂടുകയുമായിരുന്നു.
പരിശോധനയില്‍ വ്യാജ സ്വര്‍ണമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. മൈസൂരുവില്‍ നിന്നാണ് വ്യാജ സ്വര്‍ണം കൊണ്ടുവരുന്നത് എന്ന് പൊലിസ് പറഞ്ഞു. പിടിയിലായവരുടെ പേരില്‍ കര്‍ണാടകത്തില്‍ നിരവധി കേസുകളുണ്ട്. പിടിയിലായവരോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ കാറുമായി രക്ഷപ്പെട്ടരുന്നു. ഇവരെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം എസ്.ഐ കെ. പ്രശോഭാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."