ഹംഗറിയുടെ ഉരുക്കു വനിത രണ്ടാം സ്വര്‍ണവും നീന്തിയെടുത്തു
റിയോ ഡി ജനീറോ: ഹംഗറിയുടെ ഉരുക്കു വനിത കാറ്റിങ്ക ഹൊസ്സു നീന്തല്‍ കുളത്തില്‍ നിന്നു രണ്ടാം സ്വര്‍ണം നീന്തിയെടുത്തു. നീന്തല്‍ കുളത്തില്‍ അമേരിക്കയുടെ ആധിപത്യമായിരുന്നു മൂന്നാം ദിനത്തിലും. വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ അമേരിക്കന്‍ കൗമാര താരം ലില്ലി കിങും പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ അമേരിക്കയുടെ റയാന്‍ മര്‍ഫിയും സുവര്‍ണ നേട്ടം സ്വന്തമാക്കി.
വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് കാറ്റിങ്ക ഹൊസ്സു സുവര്‍ണ താരമായത്. നേരത്തെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടാന്‍ 11 വട്ടം ലോക ചാംപ്യയായ ഹൊസ്സുവിനു സാധിച്ചിരുന്നു. നീന്തലില്‍ അഞ്ചിനങ്ങളില്‍ മത്സരിക്കാനിറങ്ങുന്ന ഹൊസ്സു നേരത്തെ 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ഹീറ്റ്‌സില്‍ ഒളിംപിക് റെക്കോര്‍ഡ് കുറിച്ചാണ് സെമിയിലേക്ക് കടന്നത്. ഈയിനത്തിലും ഹൊസ്സു സ്വര്‍ണം പ്രതീക്ഷിക്കുന്നു.
വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ അമേരിക്കന്‍ താരം ലില്ലി കിങ് ഒളിംപിക് റെക്കോര്‍ഡോടെയാണ് സുവര്‍ണ താരമായത്. 1.04.93 സെക്കന്‍ഡിലാണ് കൗമാര താരം മത്സരം പൂര്‍ത്തിയാക്കിയത്. റഷ്യയുടെ യൂലിയ എഫിമോവ വെള്ളിയും അമേരിക്കയുടെ തന്നെ കാറ്റി മെയ്‌ലി വെങ്കലവും നേടി. ലണ്ടന്‍ ഒളിംപിക്‌സില്‍ ഈയിനത്തില്‍ സ്വര്‍ണം നേടിയ ലിത്വാനിയയുടെ റുത മെയ്‌ല്യുറ്റിനു ഏഴാം സ്ഥാനമാണ് ലഭിച്ചത്. ഒളിംപിക് റെക്കോര്‍ഡ് കുറിച്ചാണ് അമേരിക്കയുടെ റയാന്‍ മര്‍ഫി പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഈയിനത്തില്‍ കഴിഞ്ഞ അഞ്ചു ഒളിംപിക്‌സിലും അമേരിക്കന്‍ താരങ്ങള്‍ തന്നെയാണ് സ്വര്‍ണം നേടിയിരുന്നത്. ആറാം വട്ടവും മര്‍ഫിയിലൂടെ യു.എസ്.എ ആധിപത്യം നിലനിര്‍ത്തി. 1996ലെ അറ്റ്‌ലാന്റ ഒളിംപിക് മുതലാണ് അമേരിക്കന്‍ കുതിപ്പ്. 51.97 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് മര്‍ഫി സ്വര്‍ണം സ്വന്തം പേരിലാക്കിയത്. ചൈനയുടെ സു ജിയായു വെള്ളിയും അമേരിക്കയുടെ തന്നെ ഡേവിഡ് പ്ലമ്മര്‍ വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."