കൈതപ്പൊയില്‍ അപകടം: പരുക്കേറ്റ ഒരു കുട്ടികൂടി മരിച്ചു
കൊടുവള്ളി: ദേശീയപാത 212ല്‍ അടിവാരത്തിനും കൈതപ്പൊയിലിനും ഇടയ്ക്ക് എലിക്കാട് സ്വകാര്യ ബസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ അബ്ദുല്‍ മജീദ് സഫീന ദമ്പതികളുടെ മകള്‍ ആയിശ നുഹ (7) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. അപകടത്തില്‍ അബ്ദുല്‍ മജീദിന്റെ ഇളയ മകള്‍ ജസ (ഒന്നര) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മറ്റൊരു മകള്‍ ഖദീജ നിയ(10) പരുക്കുകളോടെ ചികിത്സയിലാണ്.
അപകടത്തില്‍ മരിച്ച കരുവന്‍പൊയില്‍ വടക്കേകര അബ്ദുറഹ്മാന് (65), ഭാര്യ സുബൈദ (57), പേരക്കുട്ടികളായ ഫാത്തിമ ഹന (6), മുഹമ്മദ് നിഷാല്‍(8) എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി 11 മണിയോടെ കരുവന് പൊയില്‍ ചുള്ളിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ജസയുടെ മൃതദേഹം വെണ്ണക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.
കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസും വയനാട് വടുവന്‍ചാലിലെ ബന്ധുവീട്ടില്പോയി കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പും കൂട്ടിയിടിച്ചാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."