ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനവും സിറ്റിയും ഇന്ന് കളത്തില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ സതാംപ്ടണെയാണ് ടോട്ടനം നേരിടുന്നത്. മൗറീഞ്ഞോക്ക് കീഴില്‍ മികച്ച മുന്നേറ്റം ലക്ഷ്യമാക്കി ഇറങ്ങിയ ടോട്ടനത്തിന് പിന്‍നിരയില്‍നിന്ന് കരകയറാന്‍ സാധിച്ചിട്ടില്ല.
ഇപ്പോഴും പട്ടികയില്‍ ആറാമതാണ് ടോട്ടനത്തിന്റെ സ്ഥാനം. നേരത്തെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വരെ ഉണ്ടായിരുന്ന ടീമായിരുന്നു സ്പര്‍സ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ ടോട്ടനത്തിന് ഒരു പടികൂടി മുന്നിലേക്ക് കയറാന്‍ സാധിക്കും. രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടനെ നേരിടും. കിരീടപ്പോരാട്ടത്തില്‍ ലിവര്പൂളിനൊപ്പമുണ്ടായിരുന്ന സിറ്റി ഇപ്പോള്‍ നന്നേ പിറകിലാണ്.
ലിവര്പൂളിനൊപ്പമെത്തുമെന്ന പ്രതീക്ഷയില്ലെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ ജയിച്ച് ലിവര്‍പൂളിന് ഭീഷണി ഉയര്‍ത്തുക എന്ന ഉദ്ദേശ്യമാണ് പെപ്പിനും സംഘത്തിനുമുള്ളത്. അതേസമയം പത്താം സ്ഥാനത്ത് നില്ക്കുന്ന എവര്ട്ടന് സ്ഥാനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലുമാണ്. വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി ബ്രൈറ്റണെ നേരിടും. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സി മികച്ച ഫോമിലാണിപ്പോള്‍. അവസാന മത്സരത്തില്‍ ആഴ്സനലിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ചെല്‍സിക്കുണ്ട്.
ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബേണ്‍ലി ആസ്റ്റണ്‍ വില്ലയെ നേരിടും. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂ കാസില്‍ യുനൈറ്റഡ് രണ്ടാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. 42 പോയിന്റുമായി ലിവര്‍പൂളിന് പിന്നിലുള്ള ലെസ്റ്റര്‍ കിരീട പ്രതീക്ഷയിലാണ്. ലിവര്‍പൂളുമായി ഇപ്പോള്‍ 13 പോയിന്റിന്റെ വ്യത്യാസം ലെസ്റ്ററിനുണ്ട്. എന്തായാലും ആവുന്നത്ര മത്സരം ജയിച്ച് ലിവര്‍പൂളിന് ഭീഷണി ഉയര്‍ത്തുക എന്നത് തന്നെയാണ് ലെസ്റ്ററിന്റെയും തന്ത്രം. ഒരു പക്ഷെ ലിവര്‍പൂളിന്റെ തോല്‍വിയും സമനിലയും ലെസ്റ്ററിന് ഭാഗ്യമായി ഭവിക്കും. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ വാട്ഫോര്‍ഡ് വോള്‍വ്സിനെ നേരിടും. രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഹാം യുനൈറ്റഡ് ബേണ്‍ മൗത്തിനെ നേരിടും. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."