കരിപ്പൂരില്‍ വിമാനം തെന്നിമാറിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
കൊണ്ടോട്ടി: കരിപ്പൂരില്‍ വെള്ളിയാഴ്ച സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ തെന്നിയിറങ്ങിയ സംഭവത്തില്‍ ഡി.ജി.സി.എ സംഘം ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ സമര്‍പ്പിക്കും. കനത്ത മഴയും, എതിര് ദിശയില്‍ അനുഭവപ്പെട്ട കാറ്റുമാണ് റണ്‍വേയുടെ വലതു വശത്തേക്ക് വിമാനം തെന്നിയിറങ്ങാന്‍ കാരണമായി ഡി.ജി.സി.എ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഡി.ജി.സി.എ ഇന്‍സ്പെക്ടര്‍ യു.വി.സുധന്റെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിലെത്തി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കൈമാറുക.
വിമാനം ലാന്‍ഡിങിന് എയര്‍ട്രാഫിക് കണ്ട്രോളില് നിന്ന് അനുമതി തേടുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പടിഞ്ഞാറ് ഭാഗത്ത് ലാന്‍ഡ് ചെയ്യുന്ന അവസരത്തില്‍ മഴ ശക്തമായിരുന്നതിനാല്‍ പൈലറ്റിന് റണ്‍വേയുടെ നേര്‍രേഖ കാണാന്‍കഴിഞ്ഞില്ല. ഇതോടൊപ്പം വിപരീത ദിശയില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും വിമാനത്തിന്റെ ഗതിമാറ്റത്തിന് കാരണമായി. ഇതോടെയാണ് വലതു വശത്തേക്ക് തെന്നിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിമാനം നിയന്ത്രണ വിധേയമാക്കാന്‍ വൈമാനികന് സാധ്യമായതാണ് അപകടത്തില്‍ നിന്ന് രക്ഷയായത്.
സംഭവത്തില്‍ പൈലറ്റ്, എയര്‍ ട്രാഫിക്ക് വിഭാഗം, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍, അഗ്നിശമനസേനാ വിഭാഗം തുടങ്ങിയവരില്‍ നിന്ന് സംഘം തെളിവെടുത്തിരുന്നു.
ചെന്നൈയില്‍ നിന്ന് സ്പൈസ് ജെറ്റിന്റെ പ്രത്യേക എന്‍ജിനീയറിങ് വിഭാഗവും പരിശോധനക്കെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 8നാണ് സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍ വലതു വശത്തേക്ക് തെന്നിമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."