ഈ ഡോക്ടര്‍മാര്‍ പക്ഷി നിരീക്ഷണത്തിലാണ്
പാലക്കാട്: മനുഷ്യരെ പഠിച്ചും ചികിത്സിച്ചും കഴിഞ്ഞ ഈ ഡോക്ടര്‍മാര്‍ ഇപ്പോള്‍ വിദേശത്തും സ്വദേശത്തുമുള്ള പക്ഷികളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
1980ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാലക്കാട്ടുകാരനായ ഡോ. എം.എന്‍ അന്‍വറുദ്ദീന്‍, തൃശൂരുകാരനായ ഡോ. യു. സുരേഷ്, മലപ്പുറം പൊന്നാനിക്കാരനായ ഡോ. മാത്യൂസ് എന്നിവര്‍ക്ക് പക്ഷികളെക്കുറിച്ച് പഠിക്കാനുള്ള മോഹമുദിച്ചത്.
പഠനകാലത്ത് അവധിദിവസങ്ങളില്‍ ഇവര്‍ പക്ഷികളെ നിരീക്ഷിക്കാനിറങ്ങും. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ മൂന്നുപേരും മൂന്ന് വഴിക്കായി. ഡോ. അന്‍വറുദ്ദീന്‍ ഇ.എന്‍.ടി ഡോക്ടറായി പാലക്കാട്ടെ സ്വന്തം ആശുപത്രിയിലും മാത്യൂസ് പൊന്നാനി മാറഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ഫിസിഷ്യനായി പ്രവര്‍ത്തനം തുടങ്ങി. ഡോ. സുരേഷ് അമേരിക്കയിലേക്ക് പറന്നു. നോക്‌സ്‌വില്ലിയിലെ യൂനിവേഴ്‌സിറ്റി ഓഫ് ടെന്നസി മെഡിക്കല്‍ സെന്ററിലെ വൃക്കരോഗ വിഭാഗം തലവനായി. ജോലിത്തിരക്കിനിടയിലും മൂവരും അതത് പ്രദേശങ്ങളില്‍ പക്ഷി നിരീക്ഷണം തുടര്‍ന്നു.
സുരേഷ് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലുള്ള അപൂര്‍വയിനം പക്ഷികളെ കണ്ടെത്തി. അവയെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അന്‍വറുദ്ദീനും മാത്യൂസും കേരളത്തിലെ കോള്‍പ്പാടങ്ങളിലും ആലപ്പുഴ, കുമരകം, മാടായിപ്പാറ, വാഴാനി, കുറ്റിപ്പുറം, മലമ്പുഴ എന്നിവിടങ്ങളിലുമുള്ള പക്ഷികളെ പഠിച്ചുകൊണ്ടിരുന്നു. ഇവര്‍ എടുത്ത പക്ഷികളുടെ ഫോട്ടോകളെല്ലാം പക്ഷി നിരീക്ഷകരുടെ വെബ്‌സൈറ്റായ ഇ- ബേര്‍ഡ്‌സില്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ മൂവരും ഇടയ്ക്കിടെ ഒത്തുചേര്‍ന്ന് കേരളത്തിലും പുറത്തുമുള്ള പക്ഷികളുടെ പറുദീസകള്‍ തേടി പോവുകയാണ്. നിരവധി അപൂര്‍വ പക്ഷികളെയാണ് മൂവരുംകൂടി കണ്ടെത്തിയത്.ഡോ. മാത്യൂസ് നെല്ലിയാമ്പതിയില്‍ നിന്ന് 2017ല്‍ ബ്ലൂ ആന്‍ഡ് വൈറ്റ് ഫ്‌ളൈക്യാച്ചര്‍ എന്ന പക്ഷിയെ കണ്ടെത്തി. ഡോ. അനുവറുദീന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഭൂട്ടാനിലെത്തി അവിടത്തെ പത്തോളം ഇനം പക്ഷികളെ കണ്ടെത്തി. കഴിഞ്ഞയാഴ്ച അസമിലെത്തി അപൂര്‍വയിനമായ തങ്കതാറാവിന്റെ ഫോട്ടോ പകര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."