അമേരിക്കയ്ക്കു തലവേദന സൃഷ്ടിക്കുന്ന കിം ജോങ് ഉന്‍
മറ്റു രാജ്യങ്ങളുമായി യാതൊരു തരത്തിലും ഒരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന രാജ്യമാണ് ഉത്തരകൊറിയ. ഉത്തരകൊറിയയില്‍ എന്താണ് നടക്കുന്നതെന്ന് ആ രാജ്യത്തിന് പുറത്തുള്ളവര്‍ പലപ്പോഴും അറിയാറില്ല. മറ്റു രാജ്യങ്ങളില്‍നിന്ന് വേറിട്ടു നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഈ രാജ്യത്തിനെ നിഗൂഢതകളുടെ കലവറയായിപ്പോലും ചില പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്. നിഗൂഢതകളുടെ മേലങ്കിക്കുള്ളില്‍ കഴിയുന്ന ഉത്തരകൊറിയക്ക് കുറച്ചെങ്കിലും സമ്പര്‍ക്കമുള്ളത് ചൈനയോടുമാത്രമാണ്. അവികസിത രാജ്യമാണെങ്കിലും സൈനിക ശക്തി വളര്‍ത്തുന്നതില്‍ സദാ ജാഗരൂകരാണ് ഉത്തരകൊറിയ. സൈനികരുടെ എണ്ണം പതിനാല് ലക്ഷമാണ്. ജനങ്ങളുടെ പട്ടിണി മാറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും റഷ്യയില്‍നിന്നും ചൈനയില്‍നിന്നും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ പിന്നിലല്ല ഈ രാജ്യം.
മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള രാജ്യമാണെങ്കിലും മനുഷ്യാവകാശങ്ങളൊക്കെ കാറ്റില്‍ പറത്തി ജനങ്ങളെ അടിമകളെപ്പോലെയാണ് ഇവിടുത്തെ ഭരണാധികാരികള്‍ കാലാകാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച സ്വേച്ഛാധിപതി കിം ജോങ് ഉന്‍ ആണ് ഉത്തരകൊറിയയില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത്. ഹിറ്റ്‌ലറേക്കാള്‍ ക്രൂരനായ ഭരണാധികാരിയായാണ് പല മാധ്യമങ്ങളും അദ്ദേഹത്തിനെ വിശേഷിപ്പിക്കുന്നത്. ആര്‍ഭാട ജീവിതത്തില്‍ അഭിരമിക്കുന്ന ആളാണ് ഇരുപത്തിനാലുകാരനായ ഭരണാധികാരി കിം ജോങ് ഉന്‍. എന്നാല്‍, നിഗൂഢതകളുടെ മേലങ്കിക്കുള്ളില്‍ കഴിയുന്ന കിം ജോങിനെക്കുറിച്ച് പുറംലോകത്തിന് വലിയ അറിവൊന്നുമില്ലായെന്നതാണ് സത്യം.
ഉത്തരകൊറിയയുടെ മുഖ്യശത്രുക്കളില്‍ ദക്ഷിണകൊറിയയും അമേരിക്കയുമെല്ലാം ഉള്‍പ്പെടും. അമേരിക്ക സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് ഉത്തരകൊറിയ എല്ലായിപ്പോഴും പറയുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും അമേരിക്ക ലോകപൊലിസ് ചമയുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ ചോദ്യം ചെയ്ത് അമേരിക്കയ്‌ക്കെതിരേ വെല്ലുവിളികള്‍ ഉയര്‍ത്തി ഉത്തരകൊറിയ രംഗത്തെത്താറുണ്ട്. അമേരിക്ക സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയതിനുപിന്നാലെ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കക്കെതിരേ പ്രഖ്യാപനം നടത്തി.
ഉത്തരകൊറിയയെ അമേരിക്ക ഏതെങ്കിലും വിധത്തില്‍ ആക്രമിച്ചാല്‍ ഉത്തരകൊറിയ അമേരിക്കയെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രഖ്യാപനം നടത്തി. മൂന്നേമൂന്ന് തെര്‍മോ ന്യൂക്ലിയര്‍ ബോംബുമതി തങ്ങള്‍ക്ക് ഈ ലോകം ചുട്ടെരിക്കാന്‍ എന്ന് കിം ജോങ് ഉന്‍ പ്രസ്താവന നടത്തി. തങ്ങളുടെ കൈയിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരികളാണെന്നും സര്‍വവും അവയ്ക്ക് നശിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞു. തങ്ങളുടെ കൈവശമുള്ള ലക്ഷക്കണക്കിന് അണുബോംബുകള്‍ പ്രയോഗിച്ചാല്‍ അമേരിക്കയും ദക്ഷിണകൊറിയയുമുള്‍പ്പെടെ ഈ ഭൂമിയുടെ പകുതിയോളം തുടച്ചുനീക്കപ്പെടുമെന്നും നശീകരണശേഷിയില്‍ തങ്ങളുടെ ആയുധങ്ങളുടെ ഏഴയലത്ത് അമേരിക്കയുടെ ആയുധങ്ങള്‍ വരില്ലായെന്നുപറഞ്ഞ് കിം ജോങ് ഉന്‍ അമേരിക്കയെ വെല്ലുവിളിച്ചു.
അധികാരം പരമ്പരാഗതമായി കൈമാറുന്ന രാജ്യമാണ് ഉത്തരകൊറിയ. 1994ല്‍ കിം ഇല്‍ ബുഗ് അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ കിം-ജോങ്-ഇല്‍ അധികാരമേറ്റു. ഉത്തരകൊറിയയെ ആണവരാഷ്ട്രമാക്കി മാറ്റാന്‍ ആദ്യമായി ശ്രമം നടത്തുന്നത് കിം ജോങ് ഇല്ലിന്റെ കാലത്താണ്. 2005ലും 2008ലും ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണത്തിനു നേതൃത്വം നല്‍കിയത് കിം-ജോങ്-ഇല്‍ ആയിരുന്നു. കിം ജോങ് ഇല്ലിന്റെ മരണശേഷം എല്ലാവരും കരുതിയത് കിം ജോങ് നാഗ് ഭരണത്തില്‍ വരുമെന്നായിരുന്നു. കിം ജോങ് നാഗ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനായിരുന്നു. എന്നാല്‍, എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് അധികാരത്തിലെത്തിയത് കിം ജോങ് ഉന്‍ ആയിരുന്നു. കിം ജോങ് ഇല്ലിനു മൂന്നു ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. കിം ജോങ് ഇല്ലിന്റെ പ്രിയപ്പെട്ട ഭാര്യയില്‍ പിറന്ന മകനായിരുന്നു കിം ജോങ് ഉന്‍. അധികാരത്തിലെത്തുമ്പോള്‍ കിം ജോങിന്റെ പ്രായം വെറും ഇരുപത്തിനാല്. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിം ഇല്‍ സംഗിന്റെ ഛായയുള്ളതിനാലാണ് കിം ജോങ് ഉന്നിനെ കിം ജോങ് ഇല്‍ അന്ന് അനന്തരാവകാശിയാക്കിയതെന്ന് അന്നത്തെ ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കിം ഇല്‍ സംഗുമായുള്ള സാമ്യം വര്‍ധിപ്പിക്കുന്നതിനായി കിം ജോങ് ഉന്‍ പ്ലാസ്റ്റിക് സര്‍ജറിവരെ നടത്തിയിട്ടുണ്ടെന്ന് ചില ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെല്ലാം അപ്പുറത്ത് ഉന്നിന് അധികാരം പിടിച്ചെടുക്കാന്‍ സഹായിച്ചത് അമ്മാവന്‍ ജാംഗ് സോംഗ് ആയിരുന്നു.
എന്നാല്‍, അധികാരത്തിലേറി കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ പാര്‍ട്ടിയിലെയും ഭരണത്തിലെയും ശക്തനായിരുന്ന അമ്മാവനെ രാജ്യദ്രോഹകുറ്റം ചുമത്തി മനുഷ്യത്വരഹിതമായ രീതിയില്‍ത്തന്നെ കൊന്നു. വിശന്നുവലഞ്ഞ 120 വേട്ടപ്പട്ടികള്‍ ഉള്ള ഒരു കൂട്ടിലേക്ക് അമ്മാവനായ ജാംഗ് സോങിനെ വലിച്ചെറിയുകയായിരുന്നു. കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാഗിന്റെ കൊലപാതകത്തിനു പിന്നിലും കിം ജോങ് ഉന്‍ ആണെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. ഉന്നിന്റെ ഏകാധിപത്യഭരണത്തിനോട് കിം ജോങ് നാഗിന് യോജിപ്പില്ലായിരുന്നു. ഉത്തരകൊറിയയില്‍ സ്വേച്ഛാധിപത്യഭരണം മാറി ജനാധിപത്യഭരണം പുലരണമെന്നായിരുന്നു നാഗിന്റെ ആഗ്രഹം. കിം ജോങ് ഉന്നിന്റെ സ്വേച്ഛാധിപത്യഭരണത്തില്‍ അസംതൃപ്തരായവര്‍ കിം ജോങ് നാഗിനെ ഭരണത്തിലെത്താന്‍ അവസരം നല്‍കിയേക്കുമെന്ന് ഉന്‍ ഭയപ്പെട്ടിരുന്നു. ഇതാണ് സഹോദരനെ കൊലപ്പെടുത്താന്‍ ഉന്നിനെ പ്രേരിപ്പിച്ച ഘടകമെന്ന് പറയപ്പെടുന്നു.
ഇങ്ങനെ തന്നെ എതിര്‍ക്കുന്നവരെ ഒന്നൊന്നായി ഒരു ദയാദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കിയിട്ടുള്ള സ്വേച്ഛാധിപതിയാണ് ഉന്‍. അധികാരത്തിലെത്തിയതിനു പിന്നാലെ ഒട്ടേറെ വധശിക്ഷകള്‍ കിം ജോങ് ഉന്‍ നടപ്പാക്കി. തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദേശീയ പ്രതിരോധകമ്മീഷന്‍ അധ്യക്ഷനായിരുന്ന കിം ജോങിനെ നിഷ്‌കരുണം വധിച്ചു. ദേശീയ പ്രതിരോധകമ്മീഷന്‍ സ്ഥാനത്തുനിന്ന് നീക്കി കുറച്ച് ദിവസത്തിനുള്ളിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഉന്നിന്റെ നയപരിപാടികളെ എതിര്‍ത്ത കൃഷിമന്ത്രി ഹോങ് മീനിനെയും ഉന്‍ വധിച്ചു. ഉന്‍ അധ്യക്ഷനായ യോഗത്തില്‍ ചെറുതായി ഒന്ന് ഉറങ്ങിപ്പോയതിനാണ് വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ റിങോങ്ങിനെ പരസ്യമായി വധിച്ചത്. ഉത്തരകൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ക്രൂരകൃത്യങ്ങള്‍ എല്ലായ്‌പ്പോഴും പാശ്ചാത്യമാധ്യമങ്ങള്‍ക്ക് വിരുന്നാണ്.
2011ല്‍ അധികാരത്തിലേറിയശേഷം തന്റെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി പല തീരുമാനങ്ങളും നയങ്ങളും അദ്ദേഹം ഉത്തരകൊറിയയില്‍ നടപ്പിലാക്കി. ലോകരാജ്യങ്ങള്‍ക്കെതിരേ പ്രത്യേകിച്ച് അമേരിക്കയ്‌ക്കെതിരേ മിസൈലുകളുടെയും ആറ്റംബോംബുകളുടെയും പരീക്ഷണങ്ങള്‍ നടത്തി ഭീഷണി മുഴക്കി. 2012ല്‍ മിസൈലുകളുടെ പരീക്ഷണം നടത്തുകയും 2013ല്‍ ഉത്തരകൊറിയയില്‍ മൂന്നാമത്തെ ന്യൂക്ലിയര്‍ പരീക്ഷണം നടത്തുകയും ചെയ്തത് കാരണം ഐക്യരാഷ്ട്രസഭയുടെ നിരോധനത്തിന് ഉത്തരകൊറിയ വിധേയമായി. കഴിഞ്ഞ വര്‍ഷമാദ്യവും ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. ഐക്യരാഷ്ട്രസഭയുള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ഉന്നിന്റെ ഈ നടപടിയെ അപലപിച്ചിരുന്നു. അധികം മറ്റ് രാജ്യങ്ങളോട് ബന്ധംപുലര്‍ത്താത്ത ഈ രാജ്യത്തിനു പുറംലോകം അറിയുന്നതിനേക്കാള്‍ കൂടുതല്‍ ആധുനികമായ ആണവ ആയുധങ്ങളുണ്ടെന്ന ഭീതി ഉന്നിന്റെ ഈ നടപടിമൂലം ലോകമാകെ വ്യാപകമാകുകയും ചെയ്തു.
എപ്പോള്‍ എവിടെവച്ചും ഒരു യുദ്ധം നടക്കാമെന്ന അവസ്ഥയില്‍ ലോകം കടന്നുപോകുമ്പോള്‍ വിവരവും വിവേകവുമില്ലാത്ത ഈ ക്രൂരനായ സ്വേച്ഛാധിപതി ഒരു യുദ്ധം ഉണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അമേരിക്കയെ ലക്ഷ്യംവയ്ക്കുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ഇനിയും നടത്തുമെന്ന് ഉത്തരകൊറിയ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. ഉത്തരകൊറിയ ആണവായുധം പ്രയോഗിച്ചാലും അതിന് ഉത്തരവാദി അമേരിക്ക മാത്രമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയനിരീക്ഷകരും ഉണ്ട്. അവര്‍ പറയുന്നത് ചുറ്റുമുള്ള രാജ്യങ്ങളില്‍ ഭയം ഉണ്ടാക്കുന്ന അമേരിക്കന്‍ കൗശലമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ്.
(ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."