സാമൂഹ്യസുരക്ഷാ പെന്‍ഷനെ ചൊല്ലി ചാവക്കാട് നഗരസഭാ കൗണ്‍സിലില്‍ തര്‍ക്കം
ചാവക്കാട്: അര്‍ഹരായ നിരവധി പേര്‍ക്ക് സാമൂഹിക സുരക്ഷ പെന്‍ഷന്‍ നിഷേധിച്ചതിനെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ കൗണ്‍സിലറും തമ്മില്‍ തര്‍ക്കം. നഗരസഭയില്‍ അര്‍ഹരായ നിരവധി പേര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയതില്‍ രാഷ്ട്രീയമുണ്ടെന്ന ധ്വനിയോടെ പ്രതിപക്ഷ അംഗങ്ങള്‍ സംസാരിച്ചതാണ് ഭരണപക്ഷ കൗണ്‍സിലറായ എ.എച്ച്.അക്ബറിനെ ചൊടിപ്പിച്ചത്.
സംസ്ഥാനത്ത് നിരവധി അനര്‍ഹര്‍ സാമൂഹിക പെന്‍ഷന്‍ പറ്റുന്നുണ്ടെന്നും ഇവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി അര്‍ഹരായ ചിലര്‍ക്കും പെന്‍ഷന്‍ ആനൂകൂല്യം നഷ്ടപ്പെട്ടിട്ടുണ്ടാവാം. ഇവര്‍ക്ക് പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കുക തന്നെ വേണമെന്ന് എ.എച്ച്.അക്ബര്‍ പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ മുടക്കി ആളുകളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ പി.എം.നാസര്‍,ടി.എ.ഹാരിസ് എന്നിവര്‍ പറഞ്ഞു.
പെന്‍ഷന്‍ നഷ്ടപ്പെട്ട അര്‍ഹരായവര്‍ക്കായി 27,28 തിയതികളില്‍ നടത്തുന്ന അദാലത്ത് നഗരസഭ ഓഫിസില്‍ നടത്താതെ പ്രാദേശികമായി നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കണമെന്ന് പി.എം.നാസര്‍ പറഞ്ഞു. തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. രാഷ്ട്രീയമായി ഏറ്റുമുട്ടാനാണെങ്കില്‍ അത് എവിടെയും അവസാനിക്കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു.
അനര്‍ഹരായ നിരവധി പേര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇവരെ ഒഴിവാക്കുന്നതിന്റെ കൂട്ടത്തില്‍ പെന്‍ഷന്‍ നഷ്ടപ്പെട്ട അര്‍ഹരായവര്‍ക്കായാണ് നഗരസഭ രണ്ടു ദിവസങ്ങളിലായി അദാലത്ത് സംഘടിപ്പിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രാദേശികമായി അദാലത്ത് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇതോടെ തര്‍ക്കത്തിന് അയവു വന്നു. 2018-19 വര്‍ഷത്തെ പൊതുമരാമത്ത് പണികള്‍ക്കായി 1.1 കോടിയുടെ ടെന്‍ഡറിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. 14-ാം വാര്‍ഡില്‍ അങ്കണവാടിക്കായി സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു.
നഗരസഭ പ്രദേശത്ത് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫീസ് ഒഴിവാക്കി നല്‍കാന്‍ തീരുമാനിച്ചു. ഭക്ഷ്യ വിജിലന്‍സ് കമ്മിറ്റിയിലേക്ക് നഗരസഭ പ്രതിനിധികളായി എ.എച്ച്.അക്ബര്‍,ഷാഹിത മുഹമ്മദ്,പി.ഡി.സുരേഷ് ബാബു എന്നിവരെ തിരഞ്ഞെടുത്തു. പുത്തന്‍കടപ്പുറം,ബ്ലാങ്ങാട് ബീച്ച്,തിരുവത്ര,വഞ്ചിക്കടവ് എന്നിവിടങ്ങളിലെ വായനശാലകളില്‍ ലൈബ്രേറിയനെ നിയമിക്കാന്‍ തീരുമാനിച്ചു. താലൂക്ക് ആശുപത്രിയില്‍ ഇ.എന്‍.ടി, ഓര്‍ത്തോ വിഭാഗങ്ങളിലേക്ക് 14 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ യോഗത്തില്‍ അംഗീകരിച്ചു. കൗണ്‍സിലര്‍മാരായ കെ.എസ് ബാബുരാജ്, കെ.കെ കാര്‍ത്ത്യായനി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."