ശീഈ സേനക്കെതിരായ ആക്രമണം ബഗ്ദാദിലെ യു.എസ് എംബസിക്ക് തീയിട്ടു
ഉത്തരവാദിത്വം ഇറാനെന്ന് ട്രംപ്
ബഗ്ദാദ്: ഇറാഖില്‍ ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്ന ശീഈ സായുധവിഭാഗമായ ഹിസ്ബുല്ല ബ്രിഗേഡിന് നേരെ യു.എസ് സേന വ്യോമാക്രമണം നടത്തുകയും 25 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെ രാജ്യത്ത് യു.എസ് വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചു. പ്രക്ഷോഭകാരികള്‍ ബഗ്ദാദിലെ യു.എസ് എംബസിക്ക് തീവച്ചു. കോംപൗണ്ട് മതിലിന് തീവച്ച പ്രതിഷേധക്കാര്‍ അകത്തുകടന്ന് പ്രധാന കവാടം തകര്‍ത്ത് റിസപ്ഷന്‍ ഭാഗത്തും തീയിട്ടു.
ഈ സമയം എംബസിക്കകത്തെ പ്രധാന കെട്ടിടത്തിന് മുകളില്‍ മൂന്ന് യു.എസ് സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇറാഖിലെ യു.എസ് അംബാസഡറും ഉദ്യോഗസ്ഥന്മാരും നേരത്തെ തന്നെ സ്ഥലംവിട്ടിരുന്നു.
ജനക്കൂട്ടം ഉടന്‍ പിരിഞ്ഞുപോകണമെന്ന് ഇടക്കാല പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. വിദേശ എംബസിക്കുനേരെ ആക്രമണം നടത്തുന്നത് സുരക്ഷാസേന അനുവദിക്കില്ലെന്നും മഹ്ദി മുന്നറിയിപ്പു നല്‍കി.
ഹിസ്ബ് ബ്രിഗേഡിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് ആയിരത്തിലേറെ ആളുകളാണ് യു.എസ് എംബസിക്ക് പുറത്ത് തടിച്ചുകൂടിയത്. എംബസിയിലേക്ക് വെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞ അവര്‍ യു.എസ്.എ തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. അല്‍ ഹഷദു ഷഅബിയുടെ പതാകയേന്തിയ സമരക്കാര്‍ യു.എസിന്റെ അവസാനമാണിതെന്നു പറഞ്ഞ് മതില്‍ ചാടിക്കടക്കാനും തുടങ്ങി. ചിലര്‍ കതാഇബ് ഹിസ്ബുല്ലയുടെ പതാക എംബസിയുടെ ചുവരില്‍ നാട്ടുകയും ചെയ്തു. അല്‍ ഹഷദു ഷഅബി യൂനിഫോമണിഞ്ഞവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
അതേസമയം, യു.എസ് എംബസിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു. ഇറാന്‍ ഒരു അമേരിക്കന്‍ കരാറുകാരനെ കൊന്നു. നിരവധിപേര്‍ക്ക് പരുക്കേല്‍പ്പിച്ചു. ഞങ്ങള്‍ ശക്തമായി തിരിച്ചടിച്ചു. ഇത് തുടരുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."