തദ്ദേശഭരണസ്ഥാപനങ്ങള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം: മന്ത്രി
നെന്മാറ: തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജല സ്ഥിരതയ്ക്കായി ഭൂമിയുടെ ഭൂഗര്‍ഭ സ്ഥിതിക്ക് യോജിക്കുന്ന തരത്തിലുള്ള ജല സംരക്ഷണ പരിപാലന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നെന്മാറ ഗ്രാമപഞ്ചായത്തിലെ വിത്തനശ്ശേരി കണ്ണൂര്‍ ഭാരതപ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പുരയിടത്തിലും ഉപരിതല ഭൂഗര്‍ഭജല ലഭ്യത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നീര്‍ത്തട പ്ലാനുകള്‍ തയാറാക്കിയ നടത്തണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ ജലസ്രോതസുകള്‍ നവീകരിച്ച് ഉപയോഗ്യമാക്കുമെന്നും കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ജലസ്രോതസുകളിലെ എക്കല്‍ നീക്കം ചെയ്ത് നല്ല വളമായി കൃഷിക്ക് ഉപയോഗപ്പെടുത്താനാകുമെന്നും ജലസുരക്ഷ കൈവരിക്കുന്നതിന് നീര്‍ത്തട പ്ലാനുകള്‍ നടപ്പാക്കുന്നതോടൊപ്പം ജലവിഭവ ബഡ്ജറ്റുകള്‍ തയാറാക്കുന്നതിന് ഹരിത കേരളം മിഷന്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാരിസ്ഥിതിക കൂട്ടായ്മയായ അനുചര കണ്ണോട്കുന്ന് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. നീര്‍ത്തട കര്‍മപരിപാടി രേഖ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി രാമകൃഷ്ണന്‍ മന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി.
ദുരന്തനിവാരണ പദ്ധതി രേഖ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുകളിലെ നീര്‍ത്തടരേഖ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാര്‍ മന്ത്രിയില്‍ നിന്നും സ്വീകരിച്ചു. പരിപാടിയില്‍ ഇക്കോ ഡെവലപ്‌മെന്റ് ക്യാംപ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. ഗീത നിര്‍വ്വഹിച്ചു. നെന്മാറ എം.എല്‍.എ കെ .ബാബു അധ്യക്ഷനായ പരിപാടിയില്‍ അയിലൂര്‍, എലവഞ്ചേരി, വടവന്നൂര്‍, പലശ്ശന, നെന്മാറ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ കെ. സുകുമാരന്‍, സുധാ രവീന്ദ്രന്‍, കെ. പ്രേമന്‍, ഇറിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ് മോഹന്‍ലാല്‍,ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."