പനീര്‍ശെല്‍വത്തിനെതിരേ ആക്രമണശ്രമം
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു നേരെ ആക്രമണശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ചാണ് ആക്രമിക്കാന്‍ ശ്രമം നടന്നത്. വിമാനത്താവളത്തിന്റെ വി.ഐ.പി കവാടത്തിനു മുന്നില്‍ കത്തിയുമായി നിന്ന സോലൈരാജ എന്ന യുവാവാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകനായ ഇയാള്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നയാള്‍ കൂടിയാണെന്നാണ് പൊലിസ് നല്കുന്ന വിവരം.
പനീര്‍ശല്‍വത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇയാളെ വലിച്ചു മാറ്റിയത്. എയര്‍പോര്‍ട്ട് പൊലിസിന് കൈമാറിയ ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. താന്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന ആളാണെന്നും ഒരിക്കലും ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലിസിനോട് പറഞ്ഞിരിക്കുന്നത്. താന്‍ എപ്പോഴും കത്തി സൂക്ഷിക്കാറുണ്ടെന്നും ഇയാള്‍ പറയുന്നു. വാഹനത്തിനു നേരെയുണ്ടായ കല്ലേറുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ രണ്ട് മുതല്‍ പനീര്‍ശെല്‍വത്തിന് സി.ആര്.പി.എഫിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ തിരുച്ചിയില്‍ തന്നെ പിന്തുണക്കുന്നവരുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."