ബോള്‍ട്ടിട്ട് ഗാറ്റ്‌ലിന്‍: കരിയറിലെ അവസാന വ്യക്തിഗത പോരാട്ടത്തില്‍ ബോള്‍ട്ടിന് വെങ്കലം
ലണ്ടന്‍: വ്യക്തിഗത പോരാട്ടത്തിലെ അവസാന മത്സരം സുവര്‍ണ നേട്ടത്തോടെ അവിസ്മരണീയമാക്കി വിരമിക്കാനുള്ള ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്‌നം പൊലിഞ്ഞു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ടിനെ അട്ടിമറിച്ച് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം സ്വന്തമാക്കി. ബോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് വെങ്കലത്തില്‍ ഒതുങ്ങിയപ്പോള്‍ വെള്ളി മെഡല്‍ മറ്റൊരു അമേരിക്കന്‍ താരമായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ കഴുത്തിലണിഞ്ഞു. 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗാറ്റ്‌ലിന്റെ സുവര്‍ണ നേട്ടം. കോള്‍മാന്‍ 9.94 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ ബോള്‍ട്ട് 9.95 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.
ബോള്‍ട്ടിന്റെ അവസാന വ്യക്തിഗത പോരാട്ടമെന്ന നിലയില്‍ ലോകം ആകാംക്ഷയോടെ നോക്കിയ മത്സരത്തില്‍ സ്റ്റാര്‍ടിങിലെ പിഴവാണ് ജമൈക്കന്‍ ഇതിഹാസ താരത്തിന് വിനയായത്. ഹീറ്റ്‌സിലും സെമിയിലും ഇതേ പ്രശ്‌നം നേരിട്ട താരം ഫൈനലില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് മത്സര ഫലം. ലണ്ടന്‍ പോരാട്ടത്തിനെത്തുമ്പോള്‍ പരുക്കിന്റെ വേവലാതികളും ഹൈ ജംപിലെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവും ഉറ്റ സുഹൃത്തുമായ ജെര്‍മെയ്ന്‍ മാസോണിന്റെ മരണം തീര്‍ത്ത ആഘാതവും ബോള്‍ട്ടിനെ മാനസികമായും ശാരീരികമായും വേട്ടയാടിയിരുന്നു. അത് അദ്ദേഹം തുറന്നുപറയുകയുമുണ്ടായി. കരിയറില്‍ ആദ്യമായാണ് ലോക പോരാട്ട വേദിയില്‍ ബോള്‍ട്ട് വെങ്കലത്തിലേക്ക് ഒതുങ്ങുന്നത്.
എക്കാലത്തും ബോള്‍ട്ടിന്റെ നിഴലായി തീര്‍ന്ന ഗാറ്റ്‌ലിന്‍ അവസാന നിമിഷത്തില്‍ വന്‍ കുതിപ്പ് നടത്തിയാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ഉത്തേജക മരുന്നുപയോഗത്തിന് പിടിക്കപ്പെട്ട് നാല് വര്‍ഷത്തോളം വിലക്ക് നേരിട്ട ശേഷം തിരിച്ചെത്തിയ ഗാറ്റ്‌ലിനെ ലണ്ടനിലെ സ്റ്റേഡിയത്തില്‍ കാണികള്‍ കൂവി വിളിച്ചാണ് എതിരേറ്റത്. എന്നാല്‍ അതൊന്നും തന്റെ പ്രകടനത്തെ ബാധിച്ചില്ലെന്ന് തെളിയിക്കാന്‍ താരത്തിന് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."