സംഘ്പരിവാര്‍ ഇടപെടല്‍: ഇറോം ഷര്‍മിളയുടെ വിവാഹം അനിശ്ചിതത്വത്തില്‍
കൊടൈക്കനാല്‍: സംഘ്പരിവാര്‍ ഇടപെടലിനെ തുടര്‍ന്ന് മണിപ്പൂര്‍ സമരനായിക ഇറോംഷര്‍മിളയുടെ വിവാഹം അനിശ്ചിതത്വത്തില്‍. കഴിഞ്ഞമാസം 12ന് ഇറോംഷര്‍മിളയും സുഹൃത്ത് ഗോവ സ്വദേശി കുഡിനോയും തമ്മില്‍ വിവാഹിതരാകുന്നതിനായി കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ സംയുക്ത അപേക്ഷ സമര്‍പ്പിച്ചിരുന്നു.സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിനാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യം ഷര്‍മിള തന്നെയാണ് കൊടൈക്കനാല്‍ പ്രസ്ക്ലബിലെത്തി മാധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍ ക്രിസ്തുമത വിശ്വാസിയായ കുഡിനോയെ വിവാഹം കഴിക്കുന്നുവെന്ന ഷര്‍മിളയുടെ പ്രഖ്യാപനം സംഘ്പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചു. ഇറോം ഷര്‍മിളയും കുഡിനോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കരുതെന്നും അത്തരമൊരു വിവാഹം നടന്നാല്‍ കൊടൈക്കനാലിലെ സമാധാന അന്തരീക്ഷം തകരുമെന്നും കാണിച്ച് തമിഴ്നാട് ഹിന്ദുമക്കള്‍ കക്ഷി സംസ്ഥാന പ്രസിഡന്റ് പി.രവികുമാര്‍ കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ക്കും തമിഴ്നാട് ഡി.ജി.പിക്കും പരാതി നല്കി.
ഷര്‍മിളയുടെ അപേക്ഷ രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ നിന്ന് നീക്കണമെന്നും രവികുമാര്‍ ആവശ്യപ്പെട്ടു. രവികുമാറിന്റെ പരാതിയില്‍ കൊടൈക്കനാല്‍ സബ് രജിസ്ട്രാറോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഡി.ജി.പി.
കുഡിനോയുടെ സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യം. അതേസമയം ഒരുമാസത്തെ നോട്ടീസ് പിരിയഡിനുശേഷം കൊടൈക്കനാലിലെ പെരുമാള്‍ മലക്കടുത്ത ബോഡിജെന്റോ ചര്‍ച്ചില്‍ വിവാഹിതരാകുമെന്നും വിവാഹ ശേഷം കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കുമെന്നും ഷര്‍മിള വ്യക്തമാക്കിയിരുന്നു. ഷര്‍മിള കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കിയാല്‍ കൊടൈക്കനാലിലെ ക്രമസമാധാനം തകരുമെന്നാണ് സംഘ്പരിവാര്സംഘടനകളുടെ നിലപാട്.
ഇത്തരമൊരു സാഹചര്യത്തില്‍ ഷര്‍മിളയോട് മറ്റെതെങ്കിലും രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരാകാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാനാണ് രജിസ്ട്രാറുടെ തീരുമാനമെന്ന് അറിയുന്നു.
ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ ഷര്‍മിളയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കുഡിനോ അതിന് അനുവദിക്കുന്നില്ലെന്നാണ് അറിയുന്നത്. ഷര്‍മിളയെ കുഡിനോ തടങ്കലിലാക്കിയിരിക്കുകയാണെന്ന പ്രചാരണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."