ഗോരക്ഷകര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം
പൂനെ: പശുവിന്റെ പേരില്‍ ജനത്തെ അടിച്ചൊതുക്കുന്ന ഗോരക്ഷകര്‍ക്ക് തിരിച്ചും പണി നല്‍കി ജനക്കൂട്ടം. മഹാരാഷ്ട്രയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ശ്രിഗോണ്ടയിലാണ് സംഭവം. ഇരുപതോളം വരുന്ന ജനക്കൂട്ടമാണ് ഗോരക്ഷാ പ്രവര്‍ത്തകരെ അടിച്ചൊതുക്കിയത്. വടികളും കല്ലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏഴു ഗോരക്ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി അഹമദ് നഗറിലേക്ക് കൊണ്ടുപോയി.
ആക്രമണത്തിന് തൊട്ടുമുന്‍പ് പശുക്കളുമായി പോയ ടെമ്പോ വാന്‍ തടഞ്ഞ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. അഹമദ്‌നഗര്‍ ജില്ലയിലെ കഷ്ടിയില്‍ നിന്ന് അനധികൃതമായി അറക്കാനെത്തിച്ചതാണെന്ന് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. പശുക്കളെ അനധികൃതമായി കടത്തുന്നുവെന്നാരോപിച്ച് പൊലിസില്‍ പരാതിയും നല്‍കി. 25 കാരനായ ശിവശങ്കര്‍ സ്വാമി എന്നയാളാണ് എല്ലാ ശനിയാഴ്ചയും ശ്രിഗോണ്ട താലൂക്കില്‍ നടക്കുന്ന അനധികൃത പശു വ്യാപാരത്തെ കുറിച്ച് പരാതി നല്‍കിയത്. മഹാത്മാഗാന്ധി സ്ഥാപിച്ച അഖില ഭാരത കൃഷി ഗോസേവാ സംഘത്തിലെ അംഗമാണ് താനെന്നാണ് സ്വാമി പറയുന്നത്. പരാതി ലഭിച്ചതോടെ പശുക്കളെ കൊണ്ടുപോയ ട്രക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. 12 പശുക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലിസ് സ്റ്റേഷന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് സംഭവം.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ വരുന്നതു വരെ കാത്തുനില്‍ക്കാന്‍ പൊലിസ് പറഞ്ഞുവെങ്കിലും ജനക്കൂട്ടം ഗോരക്ഷകരെ ആക്രമിക്കുകയായിരുന്നു.
ഗോരക്ഷകര്‍ക്കെതിരേയുണ്ടായ ആക്രമണത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗോരക്ഷാ പ്രവര്‍ത്തകരെ ആക്രമിച്ച 20 പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
വധശ്രമമുള്‍പ്പെടെയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ ഷാഹിദ് ഷെയ്ക്കിനെയും ഡ്രൈവര്‍ രാജു ഭത്രുഭായ് ഷെയ്ക്കിനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ശ്രിഗോണ്ടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമാണെന്നും എങ്കിലും നിയന്ത്രണവിധേയമാണെന്നും പൊലിസ് അറിയിച്ചു. ശ്രിഗോണ്ടയിലും അഹമദ് നഗര്‍ ജില്ലയിലെ സംഘര്‍ഷസാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പൊലിസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."