പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി ഏറ്റെടുക്കുന്നതില്‍ വീഴ്ച
തൊടുപുഴ : പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി പാട്ടക്കാരെ ഒഴിപ്പിച്ച് ഏറ്റെടുക്കുന്നതില്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ഗുരുതര വീഴ്ച. തോട്ടങ്ങളില്‍ പാട്ടക്കരാര്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല. സര്‍ക്കാര്‍ നിലപാട് കോടതി വിധികളെ സ്വകാര്യകമ്പനികള്‍ക്ക് അനുകൂലമാക്കുന്നതായും വിലയിരുത്തപ്പെടുന്നു. അതേസമയം പാട്ടഭൂമി ഏറ്റെടുക്കാന്‍ പുതിയ നിയമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പുതിയ നിയമത്തിന്റെ കരട് തയാറാക്കാന്‍ റിട്ട. നിയമ സെക്രട്ടറിയെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചുകഴിഞ്ഞു.
കേരളത്തില്‍ 65728.5139 ഹെക്ടര്‍ വനഭൂമിയാണ് കൃഷിക്കും പൊതു ആവശ്യത്തിനുമായി 20 മുതല്‍ 99 വര്‍ഷം വരെ കാലാവധിയില്‍ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഇതില്‍ പലതിന്റെയും കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇവ തിരിച്ചു പിടിക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വീഴ്ച തുടരുകയാണ്. ഇക്കാര്യം 2014ല്‍ നിയമസഭാ എസ്റ്റിമേറ്റ്‌സ് കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു. പാട്ടഭൂമിയുടെ യഥാര്‍ഥ സ്ഥിതി പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കാലാവധി കഴിഞ്ഞ പാട്ടഭൂമി തിരിച്ചെടുത്ത് അതിര്‍ത്തിനിര്‍ണയിച്ച് സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്തണമെന്നും വനം-വന്യജീവി വകുപ്പിനെ സംബന്ധിച്ച എസ്റ്റിമേറ്റ് കമ്മറ്റി 2015ല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായിട്ടില്ല.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍, റിഹാബിലിറ്റേഷന്‍ കോര്‍പറേഷന്‍, ഫാമിങ് കോര്‍പറേഷന്‍, കേരള വനം വികസന കോര്‍പറേഷന്‍, ഓയില്‍ പാം ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പാട്ടലംഘനം നടത്തിയതായി വനം വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ ഒറ്റ പാട്ടക്കാരന്‍ പ്ലാന്റേഷന്‍ കോര്‍പറേഷനാണ്. പാട്ടക്കരാര്‍ ലംഘനത്തിലും ഇവര്‍ തന്നെയാണ് മുന്നില്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കല്‍, പരിസ്ഥിതി നിയമത്തിന് വിരുദ്ധമായി റബര്‍-വാനില കൃഷി ചെയ്യല്‍, പാട്ടക്കുടിശ്ശിക തുടങ്ങിയവയാണ് പ്ലാന്റേഷന്‍ കോര്‍പറേഷനെതിരേ കണ്ടെത്തിയിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 11685 ഹെക്ടര്‍ വനഭൂമി പാട്ടക്കരാര്‍ പ്രകാരം കോര്‍പറേഷന്റെ കൈവശമുണ്ട്. റബര്‍, എണ്ണപ്പന, കശുമാവ് തുടങ്ങിയ എകവിള തോട്ടങ്ങളാണ് ഇവ. വനമേഖലയില്‍ റബര്‍ നടുന്നത് വന സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ തോട്ടങ്ങള്‍ വനഭൂമിയില്‍ റബര്‍ കൃഷി നടത്തുന്നതിനെതിരേ പാട്ടക്കരാര്‍ ലംഘനത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ത്തോട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് വനം വകുപ്പ്.
റിഹാബിലിറ്റേഷന്‍ കോര്‍പറേഷന്‍ ( 2265 ഹെക്ടര്‍) , ഫാമിംഗ് കോര്‍പറേഷന്‍ ( 2471 ഹെക്ടര്‍), കേരള വനം വികസന കോര്‍പറേഷന്‍ (10,717 ഹെക്ടര്‍), ഓയില്‍ പാം ഇന്ത്യ കോര്‍പറേഷന്‍ (3645 ഹെക്ടര്‍), എന്നിവ ഏക വിള തോട്ടങ്ങളാണ് നടത്തുന്നത്. ഏകവിള തോട്ടങ്ങള്‍ക്കെതിരായ ജൈവ വൈവിധ്യ നയമാണ് സംസ്ഥാനത്തിന്റേത്. എന്നാല്‍, കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നേരിട്ടുതന്നെ നിയമലംഘനം നടത്തുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും വാദം. മാത്രമല്ല, അനുബന്ധ വനങ്ങളില്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക തകര്‍ച്ചകളെപ്പറ്റി കാര്യമായി പഠിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പാട്ടക്കുടിശ്ശികയായി കോടികള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വനം വകുപ്പിന് നല്‍കാനുണ്ട്. ഓരോ വര്‍ഷവും 1500 ഓളം മെട്രിക് ടണ്‍ രാസവളമാണ് തോട്ടങ്ങളില്‍ കോര്‍പറേഷന്‍ പ്രയോഗിക്കുന്നത്. ഇത് വെള്ളത്തില്‍ കലര്‍ന്ന് വനഭൂമിയുടെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നത് മൂലം മനുഷ്യരിലേക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപിക്കുന്നു. കോര്‍പറേഷന്റെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ കാസര്‍കോട്, പാലക്കാട് ജില്ലകളിലെ ആയിരക്കണക്കായ മനുഷ്യര്‍ അനുഭവിച്ചു വരികയാണ്.
പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിലും വനം വകുപ്പ് വന്‍വീഴ്ചയാണ് വരുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍തുകയാണ് പാട്ടമിനത്തില്‍ വനം വകുപ്പിന് നല്‍കാനുള്ളത്. പാട്ടം അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയിലൂടെ തുക ഈടാക്കണമെന്നാണ് നിയമം. ഇത് പാലിക്കുന്നതിലും വനം വകുപ്പ് വീഴ്ച വരുത്തി. കോടതികളില്‍ തുടര്‍ച്ചയായി വനം കേസുകള്‍ തോറ്റുകൊടുക്കുന്നതിനാല്‍ വനഭൂമി നഷ്ടപ്പെടുന്ന പ്രക്രിയ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."