കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: അന്വേഷണം മുംബൈയിലേക്കും
കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള 'നെയ്ല്‍ ആര്‍ട്ടിസ്റ്ററി' ആഡംബര ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പില്‍ അന്വേഷണം മുംബൈ അധോലോക സംഘങ്ങളിലേക്കും നീളുന്നു.
സംഭവത്തിന്റെ ചുരുളഴിക്കാന്‍ മുംബൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന പോളിനു ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് നടിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇരുപത്തിയഞ്ചു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു രവി പൂജാരിയുടെ പേരില്‍ വന്ന സന്ദേശം. ഇതിനു പിന്നാലെയാണ് രണ്ടംഗ സംഘത്തിന്റെ വെടിവയ്പുണ്ടായത്.
കൂടാതെ ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കും. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നും വെടിവയ്പ് നടത്തിയത് ഇവരെ ഭയപ്പെടുത്താനാണെന്നും പൊലിസ് സംശയിക്കുന്നു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ മുന്‍പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അടക്കം നേരത്തെ കണ്ടെത്തിയിരുന്നു.
സ്‌പോര്‍ട്‌സ് കാറുകളടക്കം 40 അത്യാഡംബര കാറുകള്‍ ഒരു വര്‍ഷം മുന്‍പ് കൊച്ചി മറൈന്‍ഡ്രൈവിലെ ഫല്‍റ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് തേടുന്നുണ്ട്.
ലീനയുമായി ശത്രുതയുള്ളവര്‍ ക്വട്ടേഷന്‍ സംഘങ്ങളെ മുന്‍നിര്‍ത്തി നടത്തിയ അക്രമമാകാമെന്നും പൊലിസ് സംശയിക്കുന്നു. കൊച്ചിയിലെ ക്വട്ടേഷന്‍-ക്രിമിനല്‍ കേസ് പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ലീന മരിയ പോളിന്റെ മൊഴി പൊലിസ് ഉടന്‍ രേഖപ്പെടുത്തും. ഹൈദരാബാദിലുള്ള ലീന പോളിനോട് കൊച്ചിയിലെത്താന്‍ പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."